പ്രധാനമന്ത്രിയുടെ സുരക്ഷ: ആദ്യ പദ്ധതി ചോർന്നതിൽ അന്വേഷണം
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി തയാറാക്കിയ പദ്ധതി ചോര്‍ന്നതിൽ അന്വേഷണം തുടങ്ങിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് ഡി.ജി.പി റിപ്പോർട്ട് തേടി.
വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗൗരവത്തോടെയാണ് കാണുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഐ.ബി കേന്ദ്രത്തിന് കൈമാറി. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള പൊലീസ് വിന്യാസം ചോര്‍ന്നതില്‍ ഇന്റലിജൻസ് മേധാവിയോട് പ്രാഥമിക റിപ്പോർട്ട് നൽകാന് നിർദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണം ചോർന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫിസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന് കൃത്യമായ മറുപടി നൽകണമെങ്കിൽ സമഗ്രമായ അന്വേഷണം കൂടിയേതീരൂ. ഇത് മുന്നിൽ കണ്ടാണ് ഡി.ജി.പി റിപ്പോർട്ട് തേടിയത്.
സംസ്ഥാന ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ തയാറാക്കിയ ആദ്യ സർക്കുലറാണ് ചോർന്നത്. ഇതിന് പിന്നാലെ പൊലീസ് പുതിയ പദ്ധതി തയാറാക്കി. ആദ്യപദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരെ ചുമതലകളിൽനിന്ന് പൂര്‍ണമായും മാറ്റിയിട്ടില്ല. എന്നാല്‍, അവര്‍ക്ക് നല്കിയ ഉത്തരവാദിത്വങ്ങളിൽ മാറ്റംവരുത്തി. കേന്ദ്ര സുരക്ഷാഏജൻസികളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ മാറ്റങ്ങൾ.
പോപുലർ ഫ്രണ്ട്, പി.ഡി.പി, വെൽഫെയർ പാർട്ടി, മാവോവാദികൾ തുടങ്ങിയ സംഘടനകളിൽനിന്ന് പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ സർക്കുലർ തയാറാക്കിയത്.ചാവേറാക്രമണം മുതൽ നുഴഞ്ഞുകയറ്റം വരെയുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നുള്ള ഈ റിപ്പോർട്ട് ആരാണ് ചോർത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.