‘പാക് ചാരവനിതയിൽ ആകൃഷ്ടനായി’; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചോര്‍ത്തി നല്‍കിയത് വന്‍ പ്രതിരോധ രഹസ്യങ്ങള്‍

പൂണെ: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകി എന്ന് കുറ്റപത്രം. സാറ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ…

പൂണെ: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകി എന്ന് കുറ്റപത്രം. സാറ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങൾ വിശദീകരിച്ചത്. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് കുരുൽക്കർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പൂണെയിലെ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ)യുടെ ഒരു ലാബിന്റെ ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.

ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് മേയ് 3ന് കുരുൽക്കറെ ഔദ്യോഗിക രഹസ്യനിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കുരുൽക്കർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുൽക്കർ വാട്സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. വിഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.‌

യുകെയിലെ സോഫ്റ്റ്‌വെയർ എൻജിനീയറെന്നു പരിചയപ്പെടുത്തിയ ചാരവനിത, പ്രദീപിന് അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചിട്ടുണ്ട്. അന്വേഷണത്തിൽ അവരുടെ ഐപി അഡ്രസ് പാക്കിസ്ഥാനിൽ നിന്നാണെന്നു കണ്ടെത്തി. ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനുള്ള നീക്കങ്ങളും പാക്ക് ഏജന്റിൽ നിന്നുണ്ടായിട്ടുണ്ട്.

‘‘കുരുൽകർ ചാരവനിതയിൽ ആകൃഷ്ടനായി. ഡആർഡിഒയുടെ രഹസ്യവിവരങ്ങൾ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നൽകുകയും ചെയ്തു.’’– എന്നാണ് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 2022 ജൂൺ മുതൽ ഡിസംബർ വരെ ഇരുവരും തമ്മിൽ സംഭാഷണം നടന്നിട്ടുണ്ട്. ഡിആർഡിഒ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പ്രദീപിന്റെ ഇടപെടലുകളിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ പ്രദീപ്, സാറയുടെ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് പ്രദീപിന്റെ ഫോണിലേക്ക് മറ്റൊരു ഇന്ത്യൻ ഫോണിൽ നിന്ന് സന്ദേശം എത്തി. ‘നിങ്ങൾ എന്തിനാണ് എന്റെ നമ്പർ ബ്ലോക്ക് ചെയ്തത്.?’–എന്നു ചോദിച്ചായിരുന്നു സാറ സന്ദേശം അയച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story