മൂത്ത കുട്ടിക്ക് ഡിഎംഡി, ഇളയ ആൾക്കും സാധ്യതയെന്നും കണ്ടെത്തി; കൂട്ടമരണത്തിനു പിന്നിൽ അസുഖത്തെക്കുറിച്ചുള്ള ആശങ്കയെന്ന് സംശയം

മൂത്ത കുട്ടിക്ക് ഡിഎംഡി, ഇളയ ആൾക്കും സാധ്യതയെന്നും കണ്ടെത്തി; കൂട്ടമരണത്തിനു പിന്നിൽ അസുഖത്തെക്കുറിച്ചുള്ള ആശങ്കയെന്ന് സംശയം

July 8, 2023 0 By Editor

മലപ്പുറം: മുണ്ടുപറമ്പിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ‘വില്ലൻ’ ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള ആധിയെന്ന് സംശയം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇളയ കുട്ടിക്കും അസുഖത്തിന്റെ സാധ്യത കണ്ടെത്തി. ഇതോടെ ഈ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്കും നിർദേശിച്ചിരുന്നു. അതു നടത്തും മുൻപേ 4 പേരും ലോകത്തോടു വിടപറഞ്ഞു.

പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന ഈ അസുഖം. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു ധനകാര്യ സ്ഥാപനങ്ങളിലെ മാനേജർമാരായി പ്രവർത്തിക്കുന്ന ദമ്പതികൾക്ക് സാമ്പത്തികമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ.

കണ്ണൂരിൽ ബാങ്ക് മാനേജറായി കഴിഞ്ഞ ശനിയാഴ്ച ചുമതലയേറ്റ ഷീന ഇന്ന് മലപ്പുറം മുണ്ടുപറമ്പിലെ വീട്ടുസാധനങ്ങളെല്ലാം മാറ്റാനായി ഒരുക്കം പൂർത്തിയാക്കിയതിനിടെയാണ് 4 പേരുടെയും മരണ വാർത്തയെത്തിയത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച് മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൻ ഹരിഗോവിന്ദിന്റെ സ്കൂൾ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു.