
കയ്യിൽ സഹോദരിയുടെ അറുത്തെടുത്ത തല; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്
July 22, 2023ഉത്തർപ്രദേശിൽ സഹോദരിയുടെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഫത്തേപുരിലെ മിത്‌വാര ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ പ്രണയബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.
റിയാസ് എന്ന 22കാരനാണ് 18 വയസ്സുള്ള തന്റെ സഹോദരി ആഷിഫയെ കൊലപ്പെടുത്തിയത്. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്തു. പെൺകുട്ടിയുടെ അറുത്തുമാറ്റിയ ശിരസും കയ്യിൽ പിടിച്ചാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. ഉടൻതന്നെ ഇയാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അഡീഷനൽ സൂപ്രണ്ട് അഷുതോഷ് മിശ്ര പറഞ്ഞു.
ഗ്രാമത്തിൽ തന്നെയുള്ള ചന്ദ് ബാബുവുമായി ആഷിഫ പ്രണയത്തിലാകുകയും ഇയാൾക്കൊപ്പം ഒളിച്ചോടുകയും ചെയ്തിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു വ്യക്തമാക്കി കുടുംബം പൊലീസിൽ പരാതി നൽകി.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം പരിശോധനയ്ക്ക് അയച്ചു. സഹോദരിയുടെ പ്രണയബന്ധത്തിൽ റിയാസിന് എതിർപ്പുണ്ടായിരുന്നതായും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.