ആര്‍എസ്എസ് ആക്രമണങ്ങള്‍ വ്യക്തികളെ അല്ല, കേരളത്തെയും പാര്‍ട്ടിയെയും ലക്ഷ്യംവെച്ചാണ്: പിണറായി

July 1, 2018 0 By Editor

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുധങ്ങള്‍ വാങ്ങാനും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആര്‍എസ്എസ് കേരളത്തിലേക്ക് കോടിക്കണക്കിനു രൂപ ഒഴുക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്.

വടിയും വടി വാളും എല്ലാം ഉപേക്ഷിച്ച് മാരക പ്രഹരശേഷിയുള്ള നൂതന ആയുധങ്ങളാണ് ഇപ്പോള്‍ ആര്‍ എസ് എസുകാര്‍ ഉപയോഗിക്കുന്നതെന്നും, സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വ്യക്തികളെ ലക്ഷ്യം വെച്ചല്ല, പാര്‍ട്ടിയെയും കേരളത്തെ തന്നെയും ലക്ഷ്യം വച്ചുള്ളതാണന്നും അദ്ദേഹം ആരോപിച്ചു.

മാത്രമല്ല, കേരളത്തിന്റെ മത നിരപേക്ഷ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസ് നടത്തുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍ എസ് എസ് ലക്ഷ്യത്തിന് തടസ്സമാകുന്നത് ഇടത് പക്ഷവും കേരളവുമാണ്. അതുകൊണ്ടാണ് ആര്‍ എസ് എസ്സിന്റെ ദേശീയ നേതാക്കള്‍ തന്നെ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.