പേവിഷ പ്രതിരോധ കുത്തി‍‍വയ്പ്; തെരുവുനായ്ക്കളുടെ കഴുത്തിൽ ഇനി പച്ചനിറം

തിരുവനന്തപുരം: പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തി‍വയ്പ് നൽകിയ തെരുവുനായ്ക്കളെ തിരിച്ചറിയാൻ കഴുത്തിൽ കറുത്ത പെയിന്റ് അടിക്കുന്നത് ഇത്തവണ ഒഴിവാക്കി. പച്ചനിറത്തിൽ സ്പ്രേ പെയിന്റ് ചെയ്യാനാണു…

തിരുവനന്തപുരം: പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തി‍വയ്പ് നൽകിയ തെരുവുനായ്ക്കളെ തിരിച്ചറിയാൻ കഴുത്തിൽ കറുത്ത പെയിന്റ് അടിക്കുന്നത് ഇത്തവണ ഒഴിവാക്കി. പച്ചനിറത്തിൽ സ്പ്രേ പെയിന്റ് ചെയ്യാനാണു തീരുമാനം. കറുത്ത നിറമുള്ള തെരുവുനായ്ക്കൾ കേരളത്തിൽ കൂടുതലായതിനാൽ കുത്തി‍വയ്പ് എടുത്ത‍വയെ തിരിച്ചറിയാൻ കഴിയുന്നില്ല എന്ന കാരണത്താലാണു നിറംമാറ്റം.

സ്പ്രേ പെയിന്റ് ഉപയോഗിച്ച് പച്ചനിറം പൂശിയാൽ ഒരു മാസം വരെ നായയുടെ ശരീരത്തിൽ അതുണ്ടാകുമെന്നാണു വിലയിരുത്തൽ. ‘മിഷൻ റേബീസ്’ എന്ന മൃഗ ക്ഷേമ സംഘടനയാണ് പച്ചനിറം നിർദേശിച്ചത്.

അടുത്ത മാസം ഒന്നു മുതൽ 30 വരെയാണു സംസ്ഥാനത്ത് സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നത്. പെയിന്റ് അടിക്കുന്നതിന്റെ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും. കുത്തിവയ്ക്കുന്നതിനായി ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാരുടെ സേവനം മൃഗസംരക്ഷണ വകുപ്പ് വിട്ടു കൊടുക്കും. മിഷൻ റേബീസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പേവിഷ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നത്. 1450 ഡോഗ് ക്യാച്ചർമാരുടെ പട്ടിക കുടുംബശ്രീ അധികൃതർ മൃഗസംരക്ഷണ വകുപ്പിന് അംഗീകാരത്തിന് സമർപ്പിച്ചു. ഇവർക്കുള്ള 300 രൂപ പ്രതിഫലം ഇത്തവണ വർധിപ്പിച്ചിട്ടില്ല.

വളർത്തു നായ്ക്കൾക്കും അടുത്ത മാസം 1 മുതൽ 30 വരെ പേവിഷ പ്രതിരോധ കുത്തി‍വയ്പ് എടുക്കും.സംസ്ഥാനത്ത് ഒരു വർഷത്തിനിടെ തെരുവുനായ്ക്കളുടെ എണ്ണം 10 % കൂടിയതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. കേരളത്തിൽ 2.9 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളർത്തു നായ്ക്കളും ഉണ്ടെന്നാണ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പാർലമെന്റിൽ ലൈവ് സ്റ്റോക് സെൻസസ് പ്രകാരം കഴിഞ്ഞ വർഷം നൽകിയ കണക്ക്.

കഴിഞ്ഞ സെപ്റ്റംബറിൽ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പേവിഷ പ്രതിരോധ കുത്തി‍വയ്പ് പദ്ധതി ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ തവണ 37,000 തെരുവുനായ്ക്കൾക്കു മാത്രമാണ് പ്രതിരോധ കുത്തി‍വയ്പ് നൽകാനായത്. അതേസമയം, 8.1 ലക്ഷം വളർത്തു നായ്ക്കളിൽ 5.1 ലക്ഷം എണ്ണത്തിനു വാക്സീൻ നൽകി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story