നാളെ മറ്റൊരു ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു . വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്‍ദമാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മര്‍ദ്ദമായി മാറാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 21 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.