ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവം; കൊച്ചിയിൽ ആറ് പേർ കൂടി ചികിത്സ തേടി
കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായി പാലാ സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ സമാന രീതിയിലെ ഭക്ഷ്യവിഷബാധയുമായി ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്കു റിപ്പോർട്ട് നൽകി.
കാക്കനാട് സ്വദേശികളായ ഐഷ്ന അജിത് (34), അഥർവ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണ് വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയതായി കണ്ടെത്തിയത്. അന്തരിച്ച രാഹുലിനെ സൺറൈസ് ആശുപത്രിയിലെത്തിച്ച ദിവസം മറ്റു രണ്ട് പേർ കൂടി ഇതേ ലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നതായി ആശുപത്രി അധികൃതരും ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി.
രാഹുലിന്റെ രക്തം അമൃത ആശുപത്രിയിൽ വിശദമായി പരിശോധിച്ചപ്പോൾ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ബോധ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. രാഹുലിന്റെ സഹോദരൻ കാർത്തിക്കിന്റെ പരാതിയിൽ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാഹുലിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി.