ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ മനോഹര കാഴ്ചകള്‍ മായുന്നു; 5000 മരങ്ങള്‍ മുറിച്ചുമാറ്റും

പാലക്കാട്: പച്ചപ്പ് തിങ്ങിനില്‍ക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാതയില്‍ നിന്നുമുള്ള മനോഹരമായ കാഴ്ച ഇനി ഓര്‍മ മാത്രമാവും. കാരണം, വൈദ്യുതീകരണഭാഗമായി പാളങ്ങള്‍ക്ക് ഇരുവശത്തുമുള്ള മരങ്ങളില്‍ 80 ശതമാനവും മുറിച്ചുമാറ്റുന്നു. പദ്ധതിപ്രകാരം…

പാലക്കാട്: പച്ചപ്പ് തിങ്ങിനില്‍ക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാതയില്‍ നിന്നുമുള്ള മനോഹരമായ കാഴ്ച ഇനി ഓര്‍മ മാത്രമാവും. കാരണം, വൈദ്യുതീകരണഭാഗമായി പാളങ്ങള്‍ക്ക് ഇരുവശത്തുമുള്ള മരങ്ങളില്‍ 80 ശതമാനവും മുറിച്ചുമാറ്റുന്നു. പദ്ധതിപ്രകാരം 5,000 മരങ്ങളാണ് പൂര്‍ണമായി മുറിക്കുകയോ വലിയ ശാഖകള്‍ മാത്രമായി മുറിച്ചുമാറ്റുകയോ ചെയ്യേണ്ടതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. തീവണ്ടിപ്പാതയിലെ പ്രകൃതിസൗന്ദര്യത്തിന് കോട്ടംതട്ടുന്നത് സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയാണിപ്പോള്‍.

ഡീസല്‍ തീവണ്ടി മാത്രമാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലൂടെ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. യാത്രാസമയം കുറയ്ക്കാമെന്നതും പാതയില്‍ റെയില്‍വേയ്ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം കുറയ്ക്കാമെന്നതും വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതിലെ പ്രതീക്ഷകളാണ്. ഡീസല്‍ മാറ്റി വൈദ്യുതിയിലായാല്‍ 40 ശതമാനത്തോളം ഇന്ധനയിനത്തിലുള്ള ചിലവ് കുറയ്ക്കാനാകും. സ്ഥിരം യാത്രക്കാരുള്ള പാതയില്‍ മെമു ഉള്‍പ്പെടെ കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാനും ആലോചനയുണ്ട്. ഇപ്പോള്‍ ഏഴ് തീവണ്ടികളാണ് പാതയില്‍ ഓടുന്നത്.

ഒപ്പം മൈസൂര്‍-നഞ്ചങ്കോട് പാത സജീവ പരിഗണനയിലിരിക്കേ വൈദ്യുതീകരണം പൂര്‍ത്തിയാകുന്നത് പദ്ധതിക്ക് ഗുണംചെയ്യും. മരങ്ങള്‍ മുറിച്ച് സൗകര്യമൊരുക്കുകയല്ലാതെ റെയില്‍വേക്ക് മറ്റു മാര്‍ഗങ്ങളില്ല. മരങ്ങള്‍ മുറിച്ചശേഷം 930 വൈദ്യുത തൂണുകളാണ് പാതയില്‍ സ്ഥാപിക്കേണ്ടത്. മരങ്ങള്‍ മുറിച്ചഭാഗത്ത് ഇവ സ്ഥാപിച്ചുതുടങ്ങി. ഇതിനുപുറമെ മേലാറ്റൂരില്‍ സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായും മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. പൂവാകയുടെ ചുവന്നപൂക്കള്‍ പരവതാനിവിരിച്ച് വീണുകിടക്കുന്ന മേലാറ്റൂര്‍ റെയില്‍വേസ്റ്റേഷന്റെ ഭംഗിയും മരങ്ങള്‍ പോയതോടെ നഷ്ടമായി. ഈ പാതയോരത്ത് മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ നിലവില്‍ റെയില്‍വേക്ക് പദ്ധതിയില്ല. വൈദ്യുതീകരണം പൂര്‍ത്തിയായശേഷമേ അത്തരം കാര്യങ്ങള്‍ ആലോചിക്കൂവെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. 2024 മാര്‍ച്ച് മാസത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story