
കരടിപ്പേടിയിൽ അമരമ്പലത്തെ ടി.കെ കോളനി; നടപടി വേണമെന്ന് നാട്ടുകാർ
December 15, 2023പൂക്കോട്ടുംപാടം: കരടി ഭീതി ഒഴിയാതെ അമരമ്പലത്തെ ടി.കെ കോളനി നിവാസികള്‍. കഴിഞ്ഞ നാല് ദിവസം തുടര്‍ച്ചയായി ടി.കെ കോളനിയുടെ സമീപ പ്രദേശങ്ങളായ ആന്റിണിക്കാട്, ഒളര്‍വട്ടം എന്നിവിടങ്ങളിൽ രാത്രി കരടി വ്യാപക നാശം വിതച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വി.കെ. ബാലസുബ്രഹ്മണ്യന്റെ ഒളര്വട്ടത്തെ പുരയിടത്തോട് ചേര്‍ന്ന കൃഷിയിടത്തില്‍ കരടിയെത്തിയത്. ഇവിടെ സ്ഥാപിച്ച അഞ്ച് തേനീച്ചക്കൂടുകളാണ് തകർത്ത് തേൻ ഭക്ഷിച്ചത്. രാത്രി ശബ്ദം കേട്ട് വെളിച്ചമടിച്ചു നോക്കിയപ്പോൾ കരടിയെ കണ്ടതായി അമരമ്പലം ഗ്രാമപഞ്ചായത്തംഗം കൂടിയായ വി.കെ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
രാത്രി തേന്‍ തേടിയെത്തുന്ന കരടി തേൻപെട്ടികള്‍ തകര്‍ക്കുന്നതും തേനീച്ചകളെ നശിപ്പിക്കുന്നതും കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രദേശത്ത് കരടിയുടെ സാന്നിധ്യം അനുഭവപ്പെട്ട് തുടങ്ങിയത്. അതിന് ശേഷം നിരവധിയാളുകള്‍ കരടിയെ നേരിൽ കണ്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ആന്റിണിക്കാട് പി.പി. റജിബാബുവിന്റെ വീട്ടുവളപ്പില്‍ മതില് ചാടിയെത്തിയ കരടി തേന്‍പെട്ടികള്‍ തകര്‍ത്തിരുന്നു. വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയാണ് കരടിയെ ഓടിച്ചത്.
ടാപ്പിങ് തൊഴിലാളികളെയും മദ്റസ വിദ്യാർഥികളെയും കരടി ഭീതിയിലാഴ്ത്തുകയാണ്. ജനവാസ മേഖലയിലെത്തുന്ന കരടിയെ പിടികൂടി ഉള്‍വനത്തില്‍ വിടാൻ നടപടി വേണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭം സംഘടിപ്പിക്കേണ്ടിവരുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.