റബറിന് വിദേശത്ത് കുതിപ്പ്; കേരളത്തിൽ മുന്നേറ്റമില്ല
ജപ്പാൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ ഉൽപാദന രാജ്യങ്ങളിലെ ഷീറ്റ് ക്ഷാമം അവസരമാക്കി ഫണ്ടുകളും നിക്ഷേപകരായതിനിടയിൽ…
ജപ്പാൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ ഉൽപാദന രാജ്യങ്ങളിലെ ഷീറ്റ് ക്ഷാമം അവസരമാക്കി ഫണ്ടുകളും നിക്ഷേപകരായതിനിടയിൽ…
ജപ്പാൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ ഉൽപാദന രാജ്യങ്ങളിലെ ഷീറ്റ് ക്ഷാമം അവസരമാക്കി ഫണ്ടുകളും നിക്ഷേപകരായതിനിടയിൽ ഊഹക്കച്ചവക്കാരും രംഗത്ത് അണിനിരന്നു.
ഇതോടെ റബർ കിലോ 303 യെൻവരെ കയറി, 2017 ന് ശേഷം റബർ ആദ്യമായാണ് 300 യെന്നിന് മുകളിൽ ഇടംപിടിക്കുന്നത്. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 18,100 രൂപയിൽനിന്ന് 19,000 ലേക്ക് മുന്നേറി.
വിദേശ വിപണികളിൽനിന്നുള്ള അനുകൂല വാർത്തകൾ കേരളത്തിൽ റബർ വിലയിൽ പ്രതിഫലിക്കുമെന്ന നിഗമനത്തിലാണ് ഉൽപാദകരും വ്യാപാരികളും. എന്നാൽ, മുൻവാരത്തിലെ 16,500 രൂപയിൽനിന്ന് നാലാം ഗ്രേഡിന് നൂറുരൂപ മാത്രമേ ഉയരാനായുള്ളൂ.
16,600 ൽ കൂടിയ നിരക്കിൽ ക്വട്ടേഷൻ ഇറക്കാൻ ടയർ കമ്പനികൾ തയാറായില്ല. സ്‌റ്റോക്കിസ്‌റ്റുകൾ വില കിലോ 190 രൂപയിലേക്ക് ഉയരുമെന്ന പ്രതീക്ഷയിൽ ചരക്ക് പിടിക്കുകയാണ്. പകൽ താപനില ഉയർന്നതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ് സ്‌തംഭിച്ചു. ഇനി വേനൽമഴയുടെ വരവിന് ശേഷമേ വെട്ട് പുനരാരംഭിക്കൂ.
കാർഷിക മേഖല പുതിയ കുരുമുളക് വിൽപനക്ക് ഇറക്കിയത് അവസരമാക്കി നിരക്ക് ഇടിക്കാൻ വാങ്ങലുകാർ മത്സരിച്ചു. പിന്നിട്ടവാരം ക്വിന്റലിന് 2000 രൂപ ഇടിഞ്ഞ് അൺ ഗാർബിൾഡ് 51,100 രൂപയായി.
വൻവില മോഹിച്ച് ഏതാനും മാസങ്ങൾ മുന്നേ കൂടിയ വിലയ്‌ക്ക് ടൺ കണക്കിന് മുളക് പലരും സംഭരിച്ചിട്ടുണ്ട്. അന്ന് കിലോ 600 രൂപക്ക് മുകളിൽ വിപണനം നടന്ന ഉൽപന്ന വിലയിപ്പോൾ 521 ലേക്ക് താഴ്‌ന്നു. നിരക്ക് വീണ്ടും ഇടിഞ്ഞാൽ പലരും കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുമെന്ന അവസ്ഥയിലാണ്. കേരളത്തിൽ മാത്രമല്ല, കർണാടകത്തിലും തമിഴ്‌നാട്ടിലും വിളവെടുപ്പ് പുരോഗമിക്കുന്നു.
പുതിയ മുളക് ലഭ്യത പല ഭാഗങ്ങളിലും ഉയർന്നു. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6750 ഡോളറിലേക്ക് ഇടിഞ്ഞു. സംസ്ഥാനത്തെ കൊക്കോ ഉൽപാദകർ വൻ ആവേശത്തിലാണ്. ഏക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കൊക്കോ ചുവടുവെക്കുകയാണ്. ഉണക്ക കൊക്കോ വില കിലോ 425 രൂപയായും പച്ച കൊക്കോ 180 രൂപയായും ഉയർന്നു.
വിദേശത്ത് ചരക്കുക്ഷാമം അനുഭവപ്പെട്ടതാണ് രാജ്യാന്തര വില റെക്കോഡിലേക്ക് ഉയർത്തിയത്. കൊക്കോ വില ടണ്ണിന് 6000 ഡോളറിന് മുകളിൽ ഇടപാടുകൾ നടന്നു. വർഷാരംഭത്തിൽ നിരക്ക് 4200 ഡോളർ മാത്രമായിരുന്നു. ഫണ്ടുകൾ കൊക്കോയിൽ നിക്ഷേപകരായത് കുതിച്ചുചാട്ടത്തിന് അവസരമൊരുക്കി.
ജാതിക്ക, ജാതിപത്രി വിലകളിൽ ചാഞ്ചാട്ടം. ഉൽപന്നത്തിന് ഉത്തരേന്ത്യൻ ആവശ്യക്കാരുണ്ടെങ്കിലും നിരക്ക് പരമാവധി താഴ്‌ത്തി ചരക്കെടുക്കാനുള്ള ശ്രമത്തിലാണവർ. റമദാൻ വ്രതകാലം മുൻനിർത്തി അറബ് രാജ്യങ്ങൾ പുതിയ വ്യാപാരങ്ങളിൽ ഏർപ്പെട്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കയറ്റുമതി മേഖല പുറത്തുവിടുന്നില്ല.
മാസാവസാനത്തിന് മുന്നേ ഇതിൽ വലിയപങ്ക് ചരക്ക് ഷിപ്പ്‌മെൻറ് നടത്താനുണ്ട്. ഗൾഫ് ഓർഡർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നാൽ ആഭ്യന്തരവില ഉയരുമെന്ന ഭീതി കയറ്റുമതിക്കാരിലുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 220 രൂപയിലും ജാതിപരിപ്പ് 410 രൂപയിലുമാണ്.