സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടി കടുപ്പിച്ച് ഗവർണർ; വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്തു, അത്യപൂര്‍വ നടപടി

തിരുവനന്തപുരം ∙ കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ.എം.ആർ.ശശീന്ദ്രനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശലയിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ.

സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര ആത്മാർഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വിസിക്കെതിരെ അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടു. വിദ്യാർഥിയുടെ കുടുംബം ഗവർണർക്ക് പരാതി നൽകിയിരുന്നു.

സിദ്ധാർഥിന്റെ മരണമുണ്ടായിട്ടും യൂണിവേഴ്സിറ്റി ചട്ടങ്ങൾ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിസി ചുമതലകളിൽ വീഴ്ച വരുത്തിയെന്നത് യൂണിവേഴ്സിറ്റി നൽകിയ റിപ്പോർട്ടുകളിലും വ്യക്തമാണ്. യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവങ്ങളിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റ് ആക്ട് 2010ലെ സെക്ഷൻ 9 (9) അനുസരിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ചട്ടം അനുസരിച്ച് ഹൈക്കോടതി ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടത്. സസ്പെൻഷൻ കാലയളവിൽ അലവൻസിന് അർഹതയുണ്ടായിരിക്കും. പകരക്കാരനെ പിന്നീട് തീരുമാനിക്കും.

സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സിദ്ധാര്‍ഥന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വിസി ആത്മാര്‍ഥമായി സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ല എന്നതാണു വെളിപ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ക്രൂരമായ പല സംഭവങ്ങളും സര്‍വകലാശാലയില്‍ നടക്കുമ്പോഴും ഉത്തരവാദിത്തം നിറവേറ്റാന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകി. അന്വേഷണത്തിന് ജ‍ഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സിദ്ധാർഥന്റേത് കൊലപാതകമാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസിൽ എസ്എഫ്‌ഐ– പിഎഫ്ഐ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫിസാക്കുന്നെന്നും ഗവർണർ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story