ബെംഗളൂരു കഫേ സ്ഫോടനം; നാല് പേർ കസ്റ്റഡിയിൽ, ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചു.…

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങൾ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്.

പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും. തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമര്‍ശിച്ച് രം​ഗത്തെത്തി. അതേസമയം, സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. കർണാടകയുടെയും ബെംഗളൂരുവിന്‍റെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം. 2022-ൽ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്ത് പേര്‍ക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോൾട്ടും കണ്ടെത്തിയതോടെ ഫൊറൻസിക്, ബോംബ് സ്ക്വാഡുകൾ എത്തി സ്ഥലത്ത് വിശദപരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ അ‍ജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചു. ഇതിന് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story