വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ? വീണ്ടും അപേക്ഷ സമർപ്പിക്കാൻ മാർച്ച് 25 വരെ അവസരം

വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ? വീണ്ടും അപേക്ഷ സമർപ്പിക്കാൻ മാർച്ച് 25 വരെ അവസരം

March 18, 2024 0 By Editor

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. മാർച്ച് 25 വരെയാണ് പുതുതായി പേര് ചേർക്കാനുള്ള അവസരം നൽകിയിരിക്കുന്നത്. 2024 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻ.വി.എസ്.പി പോർട്ടൽ മുഖേനയോ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

നേരത്തെ 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരുടെ അപേക്ഷകളാണ് പരിഗണിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിന്നാലെയാണ് ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാക്കുന്നവർക്ക് കൂടി അപേക്ഷ സമർപ്പിക്കുവാനുള്ള അവസരം നൽകിയിട്ടുള്ളത്. തിരുത്തലുകൾ, മരിച്ചവരെ ഒഴിവാക്കൽ, താമസസ്ഥലം മറ്റു തുടങ്ങിയവയ്ക്കുള്ള അവസരം മാർച്ച് 16-ന് അവസാനിച്ചിരുന്നു.

ഏപ്രിൽ 19-ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കും. ഏഴ് ഘട്ടങ്ങളായാണ് പോളിംഗ് നടക്കുക. ജൂൺ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ജൂൺ നാലിന് ഫലപ്രഖ്യാപനമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏപ്രിൽ 26-ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന്, നാലാം ഘട്ടം മെയ് 13-ന്, അഞ്ചാം ഘട്ടം മെയ് 20-ന്, ആറാം ഘട്ടം മെയ് 25-ന്, ഏഴാം ഘട്ടം ജൂൺ 1-ന് എന്നിങ്ങനെയായിരിക്കും നടക്കുക.