കോൺഗ്രസിന് വീണ്ടും തിരിച്ചടി; 1,700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

കോൺഗ്രസിന് വീണ്ടും തിരിച്ചടി; 1,700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

March 29, 2024 0 By Editor

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും പ്രഹരം നൽകി ആദായനികുതി നോട്ടീസ്. 1,700 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് നൽകിയത്. 2017- 18 സാമ്പത്തിക വർഷം മുതൽ 2020 – 21 സാമ്പത്തിക വർഷം വരെയുള്ള പിഴയും കുടിശ്ശികയുമടക്കമുള്ള നോട്ടീസാണിത്.

ആദായ നികുതി വകുപ്പിന്റെ നടപടികൾക്കെതിരായി കോൺഗ്രസ് സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2014-2015 മുതൽ 2016-17 വരെയുള്ള പുനർനിർണയം ചോദ്യം ചെയ്തുള്ള ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ അടുത്ത നടപടി.

കഴിഞ്ഞ ഫെബ്രുവരിയിൽ 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ അടയ്‌ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. കോൺഗ്രസിന്റെയും യൂത്ത് കേൺഗ്രസിന്റെയും ക്രൗഡ് ഫണ്ടിംഗിലൂടെ പിരിച്ച തുകയടക്കം നാല് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പിന്നീട് പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അപ്പലേറ്റ് ട്രിബ്യൂണൽ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുകയായിരുന്നു.