പാലക്കാട് കാട്ടുപന്നി കാല്‍ കടിച്ചുമുറിച്ചു, ഇടുക്കിയില്‍ കാട്ടുപോത്ത് വയറില്‍ കുത്തി;സംസ്ഥാനത്ത്  വീണ്ടും വന്യജീവി ആക്രമണം

പാലക്കാട് കാട്ടുപന്നി കാല്‍ കടിച്ചുമുറിച്ചു, ഇടുക്കിയില്‍ കാട്ടുപോത്ത് വയറില്‍ കുത്തി;സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം

March 29, 2024 0 By Editor

സംസ്ഥാനത്ത് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പാലക്കാട് കാട്ടുപന്നി വയോധികയുടെ കാല്‍ കടിച്ചുമുറിച്ചു. വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്തയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പാലക്കാട് കുഴല്‍മന്ദത്ത് ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ തത്തയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാട്ടുപന്നി ഓടി മറയുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഭര്‍ത്താവ് കിടപ്പുരോഗിയാണ്. വീടിന്റെ ഏക വരുമാനമാര്‍ഗമാണ് തത്ത.

കാട്ടുപന്നി ആക്രമണം നടന്ന സ്ഥലം, കാട്ടുപോത്ത് ആക്രമണത്തിൽ പരിക്കേറ്റ രാജീവ്

ഇടുക്കി സ്പ്രിങ് വാലിയിലാണ് സമാനമായ മറ്റൊരു സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. മുല്ലമല സ്വദേശി എം ആര്‍ രാജീവിന് വയറിനാണ് കുത്തേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

രാജീവിന്റെ വയറ്റിലാണ് കുത്തേറ്റത്. നാട്ടുകാരുടെ സഹായത്തോടെ രാജീവിനെ കുമളിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്നുള്ള പ്രദേശമാണിത്. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.