‘ആടുജീവിതം’ വ്യാജ പതിപ്പ്; പരാതി നൽകി ബ്ലെസി; തിയറ്ററിൽ നിന്ന് സിനിമ പകർത്താൻ ശ്രമിച്ച യുവാവിനെതിരെ കേസ്

‘ആടുജീവിതം’ വ്യാജ പതിപ്പ്; പരാതി നൽകി ബ്ലെസി; തിയറ്ററിൽ നിന്ന് സിനിമ പകർത്താൻ ശ്രമിച്ച യുവാവിനെതിരെ കേസ്

March 29, 2024 0 By Editor

ആടുജീവിതം വ്യാജപതിപ്പിനെതിരെ സംവിധായകൻ ബ്ലെസി പരാതി നൽകി. എറണാകുളം സൈബര്‍ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്. വ്യാജ പതിപ്പിന്റെ സ്ക്രീൻഷോട്ടും ബ്ലെസി സൈബർ സെല്ലിന് കൈമാറി.

അതിനിടെ ആടുജീവിതം സിനിമ തിയറ്ററിൽ നിന്ന് പകർത്താൻ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചെങ്ങന്നൂരിലാണ് സംഭവമുണ്ടായത്. ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും ബ്ലെസി സൈബർ സെല്ലിന് കൈമാറി. സിനിമ പകർത്തിയത് താനാണെന്ന് സമ്മതിക്കുന്ന യുവാവിന്റെ വോയ്സ് റെക്കോർഡും പുറത്തുവന്നിരുന്നു.

സീരിയല്‍ നടിയും യൂട്യൂബറുമായ ആലീസ് ക്രിസ്റ്റിയാണ് ചിത്രം ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരെ പരാതി നല്‍കിയത്. താനും ഭർത്താവും ചെങ്ങന്നൂരുള്ള തിയേറ്ററിൽ ആടുജീവിതം കാണാൻ പോയപ്പോൾ പുറകിലിരുന്ന ആൾ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്നും, ഉടൻ തന്നെ തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതുകൊണ്ട് പോലീസിൽ പരാതിപ്പെട്ടതായും ആലീസ് ക്രിസ്റ്റി പറയുന്നു. തിയേറ്ററുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണോ ഇതിനുപിന്നിലെന്ന് തനിക്ക് സംശയമുണ്ടെന്നും ആലീസ് ക്രിസ്റ്റി പറയുന്നു.