കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി; കലക്ടര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സർക്കാർ, നടപടിയുണ്ടാകില്ല

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഒപിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ കുഴിനഖം ചികിത്സിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയതിൽ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സർവീസ് സംഘടനയുമാണ് സംഭവം വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സംഭവത്തിൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തിയതില്‍ കലക്ടര്‍ക്കു തെറ്റു പറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കലക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒപിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതുമാണ്. സര്‍വീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് ഡോക്ടറും സംഘടനയുമാണെന്നാണ് ഐഎഎസ് അസോസിയേഷന്‍റെ നിലപാട്. അഖിലേന്ത്യാ സര്‍വീസ് ചട്ടം 3(1), 8(1), 8(2) പ്രകാരം അഖിലേന്ത്യാ സിവില്‍ സര്‍വീസ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസ സ്ഥലത്തെത്തി ചികിത്സ നല്‍കണമെന്നാണെന്നും ചൂണ്ടിക്കാട്ടുന്നു.

രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടര്‍ കുറ്റക്കാരനാണെന്നും ഐഎഎസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിയെ ജില്ലാ കലക്ടറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ തന്നെ മികച്ച കലക്ടർക്കുള്ള അവാർഡ് കിട്ടിയ ജെറോമിക് ജോര്‍ജിനെതിരെ ചികിത്സാ വിവാദത്തില്‍ നടപടിയെടുത്താല്‍ അതു സര്‍ക്കാരിനും അവമതിപ്പുണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്താണ് കലക്ടര്‍ക്കെതിരെയുള്ള നടപടി ഒഴിവാക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുമുണ്ട്. വിഷയത്തില്‍ ചീഫ് സെക്രട്ടറി തേടിയ വിശദ റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈമാറും. ഈ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും ഡോക്ടര്‍ക്കെതിരെയുള്ള നടപടിയിൽ തീരുമാനമെന്നാണ് വിവരം.

സംഭവത്തിൽ ഐഎഎസ് അസോസിയേഷനും സിപിഐയുടെ സർവീസ് സംഘടനയും തമ്മിലും പോര് ഉടലെടുത്തു. സിപിഐ ഭരിക്കുന്ന റവന്യു വകുപ്പിനു കീഴിലെ കലക്ടറുടെ ദുഷ്പ്രഭുത്വം അംഗീകരിക്കാനാവില്ലെന്നു ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ വിമർശിച്ചിരുന്നു.

കലക്ടർക്കെതിരെ വിമർശനം ഉയർന്നപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാൻ ഐഎഎസ് അസോസിയേഷനും തീരുമാനിച്ചു. അസോസിയേഷൻ അംഗം കൂടിയായ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ജയശ്ചന്ദ്രനു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇതിനിടെ, കലക്ടറെ ന്യായീകരിച്ചും ജയശ്ചന്ദ്രനെ വിമർശിച്ചും ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ബി.അശോകിന്റെ ലേഖനവും പുറത്തുവന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story