പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസ്: നവവധുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസ്: നവവധുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

May 24, 2024 0 By Editor

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസില്‍ നവവധുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. കോഴിക്കോട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ്.വി. മനേഷ് മുമ്പാകെയാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം പരാതിക്കാരി മൊഴിനല്‍കിയത്.

കേസിലെ പ്രധാന പ്രതിയായ രാഹുലിന്റെ അമ്മയും രണ്ടാം പ്രതിയുമായ ഉഷാകുമാരി, സഹോദരിയും മൂന്നാം പ്രതിയുമായ കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്. മുരളീകൃഷ്ണ മേയ് 27-ന് പരിഗണിക്കാനിരിക്കെയാണ് രഹസ്യമൊഴി നല്‍കിയത്.

കേസിന്റെ തുടക്കത്തില്‍ പന്തീരാങ്കാവ് പോലീസ് മുമ്പാകെ മൊഴിനല്‍കിയ യുവതിയുടെ വിശദമൊഴി പിന്നീട് അന്വേഷണം ഏറ്റെടുത്ത ഫറോക്ക് അസി. കമ്മിഷണര്‍ സജു കെ. അബ്രഹാം രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഒന്നാംപ്രതി പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശി രാഹുല്‍ ജര്‍മനിയിലാണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്.

അതേസമയം, രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതിന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത പന്തീരാങ്കാവ് പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ പ്രതിയാക്കിയ ശരത് ലാല്‍ അഡ്വ. കെ.പി. മുഹമ്മദ് ആരിഫ്, പി.കെ. നീതു എന്നിവര്‍ മുഖേനയാണ് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കിയത്. ജാമ്യപേക്ഷ 24-ന് പരിഗണിക്കും.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam