‘എം.ബി.രാജേഷിനും മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്ക്’: ജു‍ഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്

‘എം.ബി.രാജേഷിനും മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്ക്’: ജു‍ഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്

May 25, 2024 0 By Editor

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. എക്സൈസ് മന്ത്രി എം.ബി.രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്കുണ്ടെന്നും അവർ രാജിവച്ച് അന്വേഷണം നേരിടണമെന്നും യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ പറഞ്ഞു.

‘‘കെ.എം.മാണിക്കെതിരെ ബാർകോഴ ആരോപണം കൊണ്ടുവന്നപ്പോൾ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പാർട്ടി സെക്രട്ടറിയാണ്. അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം എല്ലാവർക്കുമറിയാം. ഒരു കോടി രൂപ കെ.എം.മാണിക്ക് കൊടുത്തു എന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ കാലം വന്ന് കണക്ക് ചോദിക്കുന്നതു പോലെ തോന്നുകയാണ്. അന്ന് അവർ പറഞ്ഞതെല്ലാം ഇന്നും ബാധകമാണ്. അന്ന് പറഞ്ഞതിന്റെ പത്തിരട്ടി പിരിക്കാനാണ് ഓരോ ബാറുടമകളും രണ്ടരലക്ഷം രൂപ നൽകണമെന്ന് പറഞ്ഞത്.

ശബ്ദ സന്ദേശത്തിന്റെ പേരിൽ പല ന്യായീകരണങ്ങളും ഇപ്പോള്‍ വരുന്നു. എന്തിന്റെ പേരിലായാലും അതിൽ അന്വേഷണം വേണം. പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം 130 ബാറുകൾക്കാണ് പുതുതായി ലൈസൻസ് നൽകിയത്.

കെ.എം. മാണിയുടെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബാറുകൾ അനുവദിക്കാനാണ് 5 കോടി രൂപ അഴിമതി നടത്തിയതെന്നാണ് അന്നത്തെ പ്രതിപക്ഷം ആരോപിച്ചത്. ഇപ്പോൾ എക്സൈസ് നയത്തിൽ മാറ്റം വരുത്താൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ നൽകണമെന്നാണ് അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട നേതാവിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അതുകൊണ്ട് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

യുഡിഎഫിനെതിരായ ആരോപണത്തിൽ മാണിക്ക് ബജറ്റ് പോലും അവതരിപ്പിക്കാൻ പറ്റാത്ത രീതിയിലാണ് പ്രതിഷേധം നടത്തിയത്. അദ്ദേഹത്തെ വധിക്കാനുള്ള ശ്രമമാണ് നിയമസഭയിൽ നടത്തിയത്. അതെല്ലാം ഒരുകോടി അഴിമതി എന്ന ആരോപണത്തിനു മുകളിലാണ്. എന്നാൽ ഇത്രയേറെ കോടി അഴിമതി നടത്തിയെന്നാരോപിച്ച് ഞങ്ങൾ മന്ത്രിമാരെ വധിക്കാനും ദ്രോഹിക്കാനുമില്ല. എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം’’– എം.എം.ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam