ഗുജറാത്തിലെ ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തം; കുട്ടികളടക്കം 20 മരണം, ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റു

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു. അവധിക്കാലമായതിനാൽ സെന്ററിൽ ഒട്ടേറെ കുട്ടികൾ എത്തിയിരുന്നു.

യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിങ് സെന്ററെന്ന് കമ്മിഷണർ പറഞ്ഞു. ഇയാൾക്കെതിരേ കേസെടുത്തു. സംഭവം നടക്കുമ്പോൾ 60 പേരിലധികം ഗെയിമിങ് സോണിലുണ്ടായിരുന്നെന്നാണ് നിഗമനം. ഇതിൽ 20 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

താൽക്കാലികമായി നിർമിച്ച ഗെയിമിങ് സോൺ പൂർണമായും മരം കൊണ്ടാണ് നിർമിച്ചത്. അതുകൊണ്ട് തന്നെ തീ വേഗത്തിൽ പടരുന്നതിന് കാരണമായി. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായി കമ്മിഷണർ അറിയിച്ചു.

രക്ഷാപ്രവർത്തനം പൂർത്തിയായതിനുശേഷമേ യഥാർഥ മരണസംഖ്യ എത്രയാണെന്ന് പറയാനാകുവെന്ന് രാജ്കോട്ട് മുനിസിപ്പൽ കമ്മിഷണർ ആനന്ദ് പട്ടേൽ പറഞ്ഞു. അതിവേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ നഗരസഭാ ഭരണകൂടത്തിന് നിർദേശം നൽകിയതായി ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story