എക്സൈസ് ഓഫിസറെ തട്ടിക്കൊണ്ടുപോയ ദമ്പതികളടക്കം അഞ്ചുപേർ പിടിയിൽ
ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ എക്സൈസ് ഓഫിസറെ ഇടിച്ച് തെറിപ്പിക്കുകയും പ്രിവന്റീവ് ഓഫിസറെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ദമ്പതികളടക്കം അഞ്ചുപേർ പിടിയിലായി.
ലഹരി സംഘങ്ങൾക്കിടയിൽ ലിയോ എന്ന് ഇരട്ടപ്പേരുള്ള അന്തർസംസ്ഥാന ലഹരി കടത്തുതലവൻ യാസർ അറഫാത്ത്, പുളിക്കൽ അരൂരിൽ എട്ടൊന്ന് വീട്ടിൽ ഷഫീഖ് (32), ഭാര്യ സൗദ (28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ.കെ. ഹൌസിൽ വികെ. അഫ്നാനുദ്ദീൻ (22), പുളിക്കൽ സിയാകണ്ടത്ത് പുള്ളിയൻ വീട്ടിൽ മുഹമ്മദ് ഷാഹിദ് (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
പ്രതികളിൽനിന്ന് 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി നാലുപേരെ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീമാണ് പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ച 2.30നാണു കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച് കടന്നുകളഞ്ഞത്. സംഘത്തലവൻ ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ ആദ്യം അറസ്റ്റുചെയ്യുകയായിരുന്നു.