മൂന്നുറോളം ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതിബില്‍ അടയ്‌ക്കേണ്ടി വന്നതില്‍ ഗൂഡാലോചനയെന്ന് ആരോപണം ; മീറ്റര്‍റീഡര്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് വന്‍തുകകളുടെ ബില്ല് നല്‍കി

തൊടുപുഴ: മൂന്നുറോളം ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതിബില്‍ അടയ്‌ക്കേണ്ടി വന്ന സംഭവത്തിനുപിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് ആരോപണം. ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ബില്ലില്‍ കൃത്രിമം നടത്തുകയായിരുന്നുവെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ടീം നടത്തിയ അന്വേഷണത്തിലാണ് വിവാദപരമായ കണ്ടെത്തലുള്ളത്.

2023 മെയ് മാസത്തിലാണ് തൊടുപുഴ മേഖലയിലെ 300 ഓളം ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബി വമ്പന്‍ ബില്ലുകള്‍ നല്‍കിയത്. മുന്‍കാലങ്ങളില്‍ ഉപയോഗിച്ച വൈദ്യുതിക്ക് ബില്ല് നല്‍കിയത് കുറഞ്ഞുപോയെന്നും ഇത് മീറ്റര്‍ റീഡിങ് എടുക്കുന്നയാള്‍ക്ക് പറ്റിയ പിഴവായിരുന്നുവെന്നും പറഞ്ഞ് ആയിരം മുതല്‍ മൂവായിരം വരെ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി കാട്ടി വന്‍ തുകകളുടെ ബില്ല് നല്‍കുകയായിരുന്നു.

2023 ജൂണ്‍, ജൂലൈ മാസങ്ങളിലും ഇത് തുടര്‍ന്നു. പരാതിയുമായി എത്തിയ ഉപഭോക്താക്കളോട് യഥാര്‍ഥ ഉപഭോഗത്തിന് മാത്രമേ ബില്ല് നല്‍കിയിട്ടുള്ളൂവെന്നും ഉത്തരവാദിയായ മീറ്റര്‍ റീഡറെ പിരിച്ചു വിട്ടുവെന്നും ധരിപ്പിച്ച കെ.എസ്.ഇ.ബി അധികൃതര്‍ തുക കുറയ്ക്കാന്‍ തയ്യാറാകാതെ ബില്ലടയ്ക്കാന്‍ സാവകാശവും തവണയും മാത്രമാണ് അനുവദിച്ചത്.

ഇതിനും പുറമെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഭീമമായ ബില്ലുകളുടെ ഏകദേശം നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ ഉത്തരവാദിത്വം ആരോപിച്ചു. സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പടെ ഏഴ് ഉദ്യോഗസ്ഥരെ തൊടുപുഴ ഇലക്ര്ടിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ 2023 മെയ്, ജൂണ്‍ മാസങ്ങളിലായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇവരുള്‍പ്പടെ 12 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി തുടരുകയുമാണ്.

കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞത് വിശ്വസിച്ച് പണമടച്ച ഉപഭോക്താക്കളെ അവര്‍ അക്ഷരാര്‍ഥത്തില്‍ വഞ്ചിക്കുകയായിരുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രമാതീതമായ മീറ്റര്‍ റീഡിങ് വ്യത്യാസത്തെത്തുടര്‍ന്ന് ഉപഭോക്താക്കളില്‍നിന്നും വന്‍തോതില്‍ പരാതി ഉയരുകയും നിരവധിയാളുകള്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് ഉപഭോഗം ഉയര്‍ന്ന തലത്തില്‍ രേഖപ്പെടുത്തിയ ഉപഭോക്തക്കളുടെ റീഡിങ് ഡാറ്റാ എ.പി.ടി.എസ് വിഭാഗം ഡൗണ്‍ലോഡ് ചെയ്തു. ഇതില്‍നിന്നും 2023 മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ മീറ്റര്‍ റീഡര്‍ രേഖപ്പെടുത്തിയ റീഡിങ്ങുകളെല്ലാം കൃത്രിമമാ യിരുന്നുവെന്നും യഥാര്‍ഥ റീഡിങ്, ബില്ലില്‍ കാണിച്ചതിനേക്കാള്‍ വളരെ കുറവായിരുന്നുവെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാ നത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഏകദേശം അന്‍പതോളം ഉപഭോക്താക്കളുടെ ബില്ലുകള്‍ 2024 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി പുതുക്കി നല്‍കി. ഇല്ലാത്ത ഉപഭോഗം അടിച്ചേല്‍പ്പിച്ച് നല്‍കിയ ബില്ലുകളില്‍ പുതിയ പരിശോധനാ പ്രകാരം യൂണിറ്റില്‍ കുറവ് വരുത്തിയെങ്കിലും തുകയില്‍ ആനുപാതികമായ കുറവ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story