
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുകള്‍ ക്രേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും
April 20, 2018ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനെതിരെ ദാവുദിന്റെ അമ്മ അമിന ബി കസ്‌കര്‍, സഹോദരി ഹസീന പാര്‍ക്കര്‍ എന്നിവര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
1988ല്‍ ദാവുദിന്റെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. കള്ളകടത്തുകാരുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നിയമം,വിദേശനാണയ വിനിമയചട്ടം ലംഘിക്കുന്നവര്‍ക്കെതിരായ നിയമം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതിനെതിരെ അമിനയും ഹസീനയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഇതുമായി ബന്ധപ്പെട്ട ട്രിബ്യൂണലിനെയും ഡല്‍ഹി ഹൈകോടതിയേയും സമീപിച്ചുവെങ്കിലും വിധി പ്രതികൂലമായിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നത്.
2012 നവംബറില്‍ കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് കേസില്‍ അന്തിമ വിധി വരുന്നത്. സ്വത്തുക്കള്‍ തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കില്‍ അതില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.