കളിയിക്കാവിള കൊലപാതകം: ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ റിമാന്‍ഡിൽ; സുനില്‍കുമാറിനെ കണ്ടെത്താനായില്ല
പാറശ്ശാല: ക്വാറി ഉടമയുടെ കൊലപാതകക്കേസില്‍ മുഖ്യപ്രതിയെ സഹായിച്ച സുനില്‍കുമാറിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. എന്നാല്‍ സുനില്‍കുമാറിന്റെ കാര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ കഴിഞ്ഞദിവസം പിടിയിലായ പ്രദീപ് ചന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സുനില്‍കുമാറിനായി പോലീസ് അന്വേഷണം നടത്തിവരവെയാണ് ശനിയാഴ്ച രാവിലെ കുലശേഖരത്തിന് സമീപം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്. റോഡരുകില്‍ ഒരു ദിവസത്തിലധികമായി ഉപേക്ഷിച്ച നിലയില്‍ കേരള രജിസ്ട്രേഷന്‍ വാഹനം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കാര്‍ സുനില്‍കുമാറിന്റേതെന്ന് ഉറപ്പുവരുത്തിയശേഷം കസ്റ്റഡിയിലെടുത്തു. കാര്‍ ഉപേക്ഷിച്ചശേഷം മറ്റേതെങ്കിലും വാഹനത്തില്‍ ഇയാള്‍ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുലശേഖരം മേഖലയില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ സുനില്‍കുമാര്‍ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.വെള്ളിയാഴ്ച പാറശ്ശാലയില്‍ നിന്ന് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത സുനില്‍കുമാറിന്റെ രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനുശേഷം രാത്രി വിട്ടയച്ചു.ദീപുവിനെ കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും, ഗ്ലൗസും, ക്ലോറോഫോമും സുനില്‍കുമാറാണ് നല്‍കിയതെന്ന് പ്രധാന പ്രതി ചൂഴാറ്റുകോട്ട അമ്പിളിയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് സുനില്‍കുമാറിനായി അന്വേഷണം നടത്തിവരുന്നത്.
വ്യാഴാഴ്ച നെയ്യാറ്റിന്‍കരയില്‍ നിന്ന് പിടികൂടിയ അതിയന്നൂര്‍ സ്വദേശി പ്രദീപ് ചന്ദ്രനെ വെള്ളിയാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.സുനില്‍കുമാറും അമ്പിളിയും നെയ്യാറ്റിന്‍കരയിലെ സര്‍ജിക്കല്‍ സെന്ററില്‍ ഇരുന്ന് കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയപ്പോള്‍ ഇവരോടൊപ്പം പ്രദീപ് ചന്ദ്രനും ഉണ്ടായിരുന്നതായി അമ്പിളി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.