'ആമയിഴഞ്ചാൻ അപകടം കേരള സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മ'; മാപ്പർഹിക്കാത്ത കുറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം അഴുക്ക് ചാലിൽ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ദൗർഭാഗ്യകരമായ ഈ സംഭവം കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈയ്യാളുന്ന സിപിഎം ആമയിഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ധാർമ്മികത കാട്ടണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഞ്ചാൻ തോട്ടിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ പത്ത് വർഷമായി മുന്നോട്ട് പോവുകയാണ്. എന്നാൽ മാലിന്യസംസ്കരണ-നിർമ്മാർജ്ജന രം​ഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് ഇപ്പോഴും കാണാൻ കഴിയുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഒരിക്കൽ തുറന്നെതിർത്തിരുന്ന വിഴിഞ്ഞം തുറമുഖത്ത് ക്രയിൻ വരുന്നതും കപ്പലിൻ്റെ ട്രയൽ റണ്ണുമെല്ലാം വൻ പരിപാടിയാക്കി ആഘോഷിച്ച ഇടതുപക്ഷവും, കേരളത്തിൽ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകൾ പോലും നിർമ്മിച്ചിട്ടില്ല. സാങ്കേതിക രം​ഗത്തും ഭരണനിർവ്വഹണത്തിലും ലോകം അതിവേ​ഗം കുതിക്കുമ്പോൾ അപരിഷ്കൃതമായ രീതിയിലാണ് നമ്മുടെ സംസ്ഥാനത്തിലെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

പിണറായി വിജയൻ സർക്കാരിന്റെ ഭരണകെടുകാര്യസ്ഥതയ്ക്ക് ബലിയാടാകേണ്ടി വരുന്നത് ഉപജീവനത്തിനായി ജോലിക്കിറങ്ങുന്ന പാവപ്പെട്ട ആളുകളാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു. തൊഴിലാളികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ തന്നെ കേരളം ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്നത് തികച്ചും പരിഹാസ്യമാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും കൈയ്യാളുന്ന സിപിഎം ആമയിഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ധാർമ്മികത കാട്ടണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്മാർട് സിറ്റിയുടെ പേരിൽ കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് ന​ഗരത്തിലെ മിക്ക റോഡുകളും ​വൻകുഴികളാക്കി തീർത്തതിന്റെ ദുരിതം ഈ മഴക്കാലത്ത് നഗരവാസികൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story