കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ യുവാവ് മരിച്ച സംഭവം: മന്ത്രി കേളുവിനെ വഴിയിൽ തടഞ്ഞ് നാട്ടുകാർ

കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ യുവാവ് മരിച്ച സംഭവം: മന്ത്രി കേളുവിനെ വഴിയിൽ തടഞ്ഞ് നാട്ടുകാർ

July 17, 2024 0 By Editor

കല്ലൂർ: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ‌് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ. വയനാട് കല്ലൂരില്‍ മന്ത്രി ഒ.ആര്‍‌. കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. പിന്നീട് മന്ത്രി മടങ്ങി. നാട്ടുകാർ റോഡ് ഉപരോധിച്ചു. അതേസമയം, സംഭവത്തിൽ സർവകക്ഷിയോഗം നടക്കുകയാണ്. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. രാജുവിന്റെ മൃതദേഹം കല്ലൂരിലെത്തിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തിൽ രാജുവിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണു രാജു മരിച്ചു. വയലിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. പ്രദേശത്തു വന്യജീവികളെത്തുന്നതു സ്ഥിരം സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻപോലും പറ്റാത്തവിധം ആശങ്കയിലാണിവര്‍. തകർന്ന വേലി കടന്നെത്തിയ കൊമ്പനാണു കഴിഞ്ഞ ഞായറാഴ്ച രാജുവിനെ വീടിനു സമീപത്തുവച്ച് ആക്രമിച്ചത്. മാറോട് ഊരിൽ കാട്ടാനയുടെ ആക്രമണം ഇതാദ്യമായല്ല. മുമ്പ് രാജുവിന്റെ സഹോദരൻ ബാബുവിനെ ആന ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബു ഇന്നും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനിടയിലാണു വീണ്ടും ആനക്കലിയിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നത്.

കാടിറങ്ങി വരുന്ന ആനക്കൂട്ടം സമീപത്തെ വയലിലാണു തമ്പടിക്കുക, പല സമയങ്ങളിലും വീടുകളുടെ അടുത്തേക്ക് എത്തും. ഇരുട്ടായാൽ ഈ മേഖലയിലാർക്കും പുറത്തിറങ്ങാൻപോലും പറ്റാറില്ല. തകർന്ന ഫെൻസിങ് പുനഃസ്ഥാപിച്ചില്ലെന്നും പ്രദേശത്തെ ട്രഞ്ച് കാര്യക്ഷമമല്ലെന്നും നാട്ടുകാർക്കു പരാതിയുണ്ട്. കൃഷി നശിപ്പിക്കൽ പതിവായതോടെ ഊരിലെ മിക്ക കർഷകരും വിത്തിറക്കാറുമില്ല. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം തേടിയാണ് നാട്ടുകാരുടെ പ്രതിഷേധം.