‘ആന്റിബോഡി കൊടുക്കുന്നതിന് തൊട്ടുമുൻപ് 14കാരന് ഹൃദയാഘാതമുണ്ടായി; സംസ്‌കാരം കുടുംബവുമായി ആലോചിച്ച്’
മലപ്പുറം: നിപ്പ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന രണ്ടു കുട്ടികളുടെയും നേരിട്ടു സമ്പർക്കം ഇല്ലാത്ത മറ്റൊരാളുടെയും സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ് ഇപ്പോൾ ഈ മൂന്നു പേരും.
ഇവരിൽ ഒരാൾക്ക് വൈറൽ പനി സ്ഥിരീകരിച്ചിട്ടുണ്ട്. സ്രവപരിശോധന ഫലം ഉച്ചയോടെ ലഭിക്കും. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കൊണ്ടോട്ടി സ്വദേശിയായ കുട്ടി, മരിച്ച പതിനാലുകാരന് ഒപ്പമാണ് പഠിച്ചിരുന്നത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂരിലുള്ള സ്കൂളിലാണ് ഇവർ പഠിച്ചിരുന്നത്. ഹൈറിസ്ക് വിഭാഗത്തിലുള്ള 63 പേരുൾപ്പെടെ 246 പേരാണ് ഇപ്പോൾ സമ്പർപ്പട്ടികയിൽ ഉള്ളത്. ഇവർ എല്ലാവരുടെയും സാംപിളുകൾ പരിശോധിക്കും. രോഗ ഉറവിടത്തെക്കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഒന്നുകൂടി പരിശോധിച്ചശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പുണെയിൽ പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുൻപ്, രാവിലെ 10.50നാണ് പതിനാലു വയസ്സുകാരന് ഹൃദയാഘാതമുണ്ടായത്. 11.30ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. സങ്കടകരമായ കാര്യമാണുണ്ടായതെന്നും കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പരമാവധി ശ്രമിച്ചെന്നും മന്ത്രി പറഞ്ഞു. പ്രോട്ടോകോൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. വീട്ടുകാരോട് ആലോചിച്ച് സംസ്കാരത്തിന്റെ കാര്യം തീരുമാനിക്കുമെന്നും വീണാ ജോർജ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലെ റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവിടങ്ങളിലെ പരിശോധനാ സംവിധാനങ്ങൾക്കു പുറമേ, പരിശോധനകൾക്കു വേഗം കൂട്ടാനായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഒരു മൊബൈൽ ലാബ് കൂടി എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വണ്ടൂർ, നിലമ്പൂർ, കരുവാരകുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കും. പാണ്ടിക്കാട് പഞ്ചായത്തിലെ 16,711 വീടുകളിലും ആനക്കയം പഞ്ചായത്തില 16,248 വീടുകളിലും വീടുവീടാന്തരമുള്ള പനി സർവൈലൻസ് നടത്തും.
പ്രദേശത്ത് അസ്വാഭിവകമായ രീതിയിൽ വളർത്തുമൃഗങ്ങളുടെ മരണമുണ്ടായോ എന്ന കാര്യങ്ങൾ മൃഗസംരക്ഷണ വകുപ്പും പരിശോധിക്കും. മൃഗങ്ങളുടെ സാംപിളുകൾ കൂടി എടുക്കുന്നുണ്ട്. പൂർണമായും ഐസലേഷനിൽ ഉള്ള കുടുംബങ്ങൾക്ക് ആഹാരവും മറ്റു നിത്യോപയോഗ സാധനങ്ങളും എത്തിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ വൊളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഈ വീടുകളിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയ്ക്കു കൂടി ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണവും ഒരുക്കും. ഈ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികൾ നല്ലരീതിയിൽ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ്പ സ്ഥിരീകരിച്ച കുട്ടി ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.