ആലപ്പുഴയിലെ സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത
ആലപ്പുഴ: ആലപ്പുഴയിലെ ഒരു സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത. ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലൈ 19ന് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ വൈകുന്നേരത്തോടെ ഛർദ്ദി, വയറു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടുകയും ചെയ്തു.
കൂടുതലായും എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മിഡ് ഡേ മീൽ സ്‌കീമിൻറെ ഭാഗമായി ചോറും കറികളുമുൾപ്പടെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു നൽകിയത്. ഏകദേശം തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ അറുന്നൂറ്റി ഇരുപതോളം വിദ്യാർഥികൾ ആണ് ഉച്ചഭക്ഷണം കഴിച്ചത്. തുടർന്ന് 34 വിദ്യാർഥികൾക്ക് അസ്വസ്ഥത ഉണ്ടായി. ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി.
ഇതിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികൾ അന്നു രാത്രി പതിനൊന്ന് മണിയോടെ ആശുപത്രി വിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ പ്രാഥമിക പരിശോധനകൾക്ക് ശേഷം പിറ്റേന്ന് ( ജൂലൈ 20 ന് ) വിട്ടയച്ചു. എട്ട് കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ജൂലൈ 20 ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാറിന്‍റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തു നടത്തി.