മണ്ണിനടിയില്‍ ലോഹ സാന്നിധ്യം, അര്‍ജുന്റെ ലോറിയെന്ന് പ്രതീക്ഷ, സൈന്യം മണ്ണുനീക്കുന്നു
ബംഗലൂരു: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. റോഡില്‍ നിന്നു ലഭിച്ച സിഗ്നലില്‍ മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍.
അര്‍ജുന്റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്തു നിന്നാണ് റഡാര്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. ലഭിച്ച സിഗ്നല്‍ അര്‍ജുന്റെ ലോറിയുടേതാണെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്നല്‍ ലഭിച്ചയിടത്ത് ആഴത്തില്‍ കുഴിക്കുകയാണ്. ലഭിച്ച സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും സൈന്യം കൂട്ടിച്ചേർത്തു. ഷിരൂരില്‍ കനത്തമഴയും കാറ്റും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ അവഗണിച്ച് സൈന്യം അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍, തെരക് ലൊക്കേറ്റര്‍ 120 എന്ന ഉപകരണവും ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. 15 അടി താഴ്ചയിലുള്ള ലോഹവസ്തുക്കള്‍ പോലും കണ്ടെത്താന്‍ ശേഷിയുള്ള റഡാറുകളാണ്. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനായി ഏഴാം ദിവസമാണ് തിരച്ചില്‍ തുടരുന്നത്.