വിവാഹ വാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടി; യുവതി പിടിയില്‍

കാസര്‍കോട്: പൊയിനാച്ചി സ്വദേശിയായ യുവാവില്‍നിന്നു പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

വിവാഹ മാട്രിമോണിയല്‍ സൈറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്നവരുമായി യുവതി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി. തുടര്‍ന്ന് യുവാക്കളില്‍നിന്നു പണവും സ്വര്‍ണവും ആവശ്യപ്പെടും.

നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിയിടെ തട്ടിപ്പിനിരയായി. സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ ജൂണ്‍ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ കോടതി ശ്രുതിക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

നേരത്തെ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കേരള പൊലീസിലെ ഒരു എസ്.ഐക്കെതിരെ മംഗളുരുവില്‍ യുവതി പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഐഎസ്ആര്‍ഒ, ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ഇവര്‍ പലരേയും കബളിപ്പിച്ചിരുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രുതി പരാതിക്കാരനായ പൊയിനാച്ചി സ്വദേശിയായ യുവാവിനെയും പരിചയപ്പെട്ടത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇതിനായി ചില വ്യാജ രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് യുവാവില്‍ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ സമാനമായ ഒട്ടേറെ കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. മംഗളുരുവില്‍ ജയിലിലായ യുവാവില്‍നിന്ന് 5 ലക്ഷം രൂപയും ശ്രുതി തട്ടിയെടുത്തു. കേസില്‍ പിന്നീട് യുവാവ് ജാമ്യത്തില്‍ ഇറങ്ങിയതോടെയാണ് ശ്രുതിയുടെ തട്ടിപ്പ് പുറത്താകുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story