
മലബാറിൽ കനത്ത കാറ്റിൽ തകർന്നത് 1700 ഹൈടെൻഷൻ പോസ്റ്റുകൾ
July 28, 2024കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ചയിടെ വീശിയടിച്ച കാറ്റിലും മഴയിലും മലബാറില്‍ തകർന്നത് 1700 ഹൈടെൻഷൻ പോസ്റ്റുകൾ. ഇതോടൊപ്പം പതിനോന്നായിരത്തോളം ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. നാശനഷ്ടങ്ങള്‍ പരിഹരിക്കാനും വീടുകളില്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കാനും വൈദ്യുതി വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അതേസമയം, ഉത്തര മലബാറില്‍ താറുമാറായ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിച്ചിട്ടില്ല.
ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ട് വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കോക്കല്ലൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ഗതാഗതവും പലയിടത്തും തടസപ്പെട്ടു. കണ്ണൂർ, ശ്രീകണ്ഠപുരം, കാസറഗോഡ്, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളിലാണ് നാശനഷ്‌ടം തീവ്രമായത്.
ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 1117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു. കണക്ഷനുകള്‍ പുനസ്ഥാപിക്കാന്‍ സമയമെടുത്തേക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നങ്ങൾ പരിഹരിച്ച് വൈദ്യുതി എത്തിക്കാനാണ് തീരുമാനം. താമരശ്ശേരി, പുതുപ്പാടി, കൊയിലാണ്ടി, ഉള്ളിയേരി, പേരാമ്പ്ര, ബാലുശ്ശേരി തുടങ്ങിയ ഭാഗങ്ങളിലാണ് കാറ്റ് വീശിയത്. ഇരുപതോളം വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റി.
താമരശേരി ചുരത്തില്‍ മരം വീണ് ഏറനേരം ഗതാഗത തടസപ്പെട്ടു. ഫയര്‍ഫോഴ്സും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ബാലുശ്ശേരി കോക്കല്ലൂരില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നതിനെത്തുടര്‍ന്ന് ദമ്പതികള്‍ക്ക് പരിക്കേറ്റു. മീത്തലെ ചാലില്‍ കുമാരന്‍,ഭാര്യ കാര്‍ത്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്.