കോഴിക്കോടും ഉരുള്‍പൊട്ടല്‍ ; താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ, ഒറ്റപ്പെട്ട് മലയോരമേഖലകൾ

കോഴിക്കോടും ഉരുള്‍പൊട്ടല്‍ ; താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ, ഒറ്റപ്പെട്ട് മലയോരമേഖലകൾ

July 30, 2024 0 By Editor

കോഴിക്കാട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയിൽ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പുഴകളിൽ ജലനിരപ്പുയരുന്നു. ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്.

താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടം. മരങ്ങൾ റോഡിലേക്ക് വീണു. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ കടത്തി വിടുന്നുണ്ട്. ചുരത്തിൽ കനത്ത മഴ തുടരുകയാണ്.

കുറ്റ്യാടി മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെൻറർമുക്ക് ഭാഗങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു. ചോയിച്ചുണ്ടിൽ ഏഴു വീടുകളിൽ വെള്ളം കയറി. കാവിലുംപാറയിൽ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ഇരുവഴഞ്ഞി പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞ് ഒഴുകുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ പുറ്റിയൂട്ടിൽ, മാന്ത്ര, പ്രേദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മുക്കം പുൽപറമ്പ് , കൊടിയത്തൂർ ചെറുവാടി അങ്ങാടികളിലെ കടകളിൽ വെള്ളം കയറിയതോടെ കടകൾ ഒഴിപ്പിച്ചു.