‘റെഡ് അലർട്ട് നൽകിയില്ല; അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധം’
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും കേരളം നടപടികള്‍ സ്വീകരിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല ഇത്. കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവത്തോടെയാണ് കാണുന്നത്. മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തതെന്നാണ് അമിത് ഷാ ചോദിച്ചത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നത്. 115നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ആദ്യ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പു നല്‍കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകും മുന്‍പ് ഒരു തവണ പോലും അവിടെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറു മണിയോടെയാണ് റെഡ് അലര്‍ട്ട് നല്‍കിയത്. 23 മുതല്‍ 28 വരെ വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിരുന്നില്ല.