ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കും; രണ്ടുദിവസത്തിനകം തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കും; രണ്ടുദിവസത്തിനകം തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്

August 10, 2024 0 By Editor

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമാകും.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എ കെ എം അഷ്‌റഫ്‌ എംഎൽഎ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിലവിൽ നാല് നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് വിലയിരുത്തൽ‌. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാൽ തിരച്ചിൽ നടത്താന്‍ സാധിക്കും. ഇത് സംബന്ധിച്ച് കാർവാറിലെ നാവികസേന ഉദ്യോഗസ്ഥർ കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തും. കൊങ്കൺ മേഖലയിൽ വരുന്ന രണ്ടുദിവസം കൂടി മഴ കുറഞ്ഞാൽ നേവിയുടെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ പുനരാരംഭിക്കും. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്