18.5 കിലോ കഞ്ചാവ് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിലമ്പൂരിൽ നാല് പേർ പിടിയിൽ

18.5 കിലോ കഞ്ചാവ് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിലമ്പൂരിൽ നാല് പേർ പിടിയിൽ

February 5, 2025 0 By Editor
പിടിയിലായ പ്രതികളുമായി എക്സൈസ് സംഘം

നിലമ്പൂർ: ബാൻഡ് ഡ്രമ്മിനുള്ളിൽ കടത്താൻ ശ്രമിച്ച 18.5 കിലോ കഞ്ചാവുമായി നാലു യുവാക്കൾ എക്‌സൈസ് പിടിയിൽ. നിലമ്പൂർ സ്വദേശികളായ വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ (35), ചിത്തിരംപള്ളി റിയാദ് (42), പൂന്തുരുത്തി സിയാദ്(34), എടക്കര ഇല്ലിക്കാട് സ്വദേശി ചെറിയതൊടി നൗഫൽ (38) എന്നിവരാണ് പിടിയിലാത്. പൂക്കോട്ടുംപാടം അഞ്ചാം മൈൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കവേ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നിലമ്പൂർ എക്‌സൈസും ചേർന്ന് പിടികൂടുകയായിരുന്നു.

സംസ്ഥാന എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ആന്ധ്രയിൽനിന്ന് നിലമ്പൂരിൽ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാർ എന്ന പേരിൽ ജീപ്പിന് പിന്നിൽ നിറച്ച് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവരികയായിരുന്നു. കഞ്ചാവ് കൈവശം വെച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്‌സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്.

സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, എടക്കര ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ടി സജിമോൻ, എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇൻസ്‌പെക്ടർമാരായ ടി.ആർ മുകേഷ് കുമാർ, കെ.വി വിനോദ്, നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എച്ച് ഷഫീഖ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.