സൗദി ഉംലജിലുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം താനൂർ സ്വദേശിക്ക് സൗദി യാംബുവിനടുത്ത് ഉംലജിൽ അപകടത്തിൽ ദാരുണാന്ത്യം

February 14, 2025 0 By eveningkerala

ജിദ്ദ: മലപ്പുറം താനൂർ സ്വദേശിക്ക് സൗദി യാംബുവിനടുത്ത് ഉംലജിൽ അപകടത്തിൽ ദാരുണാന്ത്യം. കാരാട് സ്വദേശി സി.പി നൗഫൽ (45) ആണ് മരിച്ചത്. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് കെട്ടിടത്തിൽനിന്ന് വീണാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെ ജീവൻ നഷ്ടപ്പെട്ടു.

15 വർഷമായി സൗദി പ്രവാസിയായ നൗഫൽ, ഒരു വർഷമായി ഉംലജിൽ ജോലി ചെയ്തുവരികയായിരുന്നു. സൗദിയിലും നാട്ടിലും വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. വി.വി.എൻ കുഞ്ഞിമൂസ, സി.പി ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: നബീല, മക്കൾ: അഫാൻ ബിൻ നൗഫൽ, ആയിഷ ബിൻത് നൗഫൽ, അദീം ബിൻ നൗഫൽ. മരണാനന്തര നടപടികള്‍ക്കായി സഹോദരന്‍ സാബിര്‍ അലി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍: അന്‍വര്‍, നാല് സഹോദരിമാരുമുണ്ട്.