നെയ്യാറ്റിൻകര ഗോപന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവ്

നെയ്യാറ്റിൻകര ഗോപന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവ്

February 15, 2025 0 By Editor

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഗോപന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രമേ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘സമാധി’ വിവാദത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയി​ല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ട്. എന്നാൽ, ഇതൊന്നും മരണകാരണമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു.

ഗോപന്റെ ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നു. പ്രമേഹം� കാരണം കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അച്ഛൻ സമാധിയാവുകയാണെന്ന് പറഞ്ഞ്, കല്ലറിയിൽ പോയി ഇരിക്കുകയായിരുന്നുവെന്നാണ് മക്കൾ പറഞ്ഞത്. മരണവിവരം ആരോടും പറയാതെ സമാധിയായെന്ന് വീടിനുസമീപം ബോർഡ് വെക്കുകയായിരുന്നു. ഇതാണ്, നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. തുടർന്നാണ് ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ കല്ലറ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊലീസ് തുറന്നു മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം. അടുത്ത ദിവസം പുതിയ കല്ലറയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഗോപനെ സംസ്‌കരിക്കുകയും ചെയ്തു.

നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപൻ ബി.എം.എസ് പ്രവർത്തകനായിരുന്നു. നാലുവർഷം മുമ്പാണ് ചുമട്ടുതൊഴിൽ ഒഴിവാക്കിയത്. പിന്നീട് തമിഴ്നാട്ടിൽ പോയാണ് സന്യാസിയായത്.

കല്ലറ പൊളിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് ഹൈകോടതിയെ സമീപിച്ചത്​ ഗോപന്റെ കുടുംബത്തിന്​ തിരിച്ചടിയാവുകയായിരുന്നു. കോടതി നിർദേശം അന്വേഷണം തുടരാനുള്ള അനുമതിയായി പരിഗണിച്ച്​​ ജില്ല ഭരണകൂടം മുന്നോട്ടു പോകുകയായിരുന്നു.

അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ മണിയൻ എന്ന ഗോപ​നെ കാണാനില്ലെന്ന പരാതി ലഭിച്ച പൊലീസ് അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് സമാധിയെന്ന ദുരൂഹ വിശദീകരണവുമായി കുടുംബം രംഗത്തു വന്നത്. മരിച്ചതിന് ദൃക്സാക്ഷികളോ ഡോക്ടർമാരുടെ സ്ഥിരീകരണമോ ഇല്ല. ഔദ്യോഗിക രേഖയായ മരണ സർട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

എന്നാൽ, പൊലീസും തഹസിൽദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘ്​പരിവാർ സംഘടനകളും ഒരു വിഭാഗം നാട്ടുകാരും ചേർന്ന്‌ തടഞ്ഞു. കല്ലറ പൊളിക്കുന്നത്‌ പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തിൽ തൊട്ടാൽ ചൈതന്യം പോകുമെന്നുമുള്ള വാദമാണ്‌ കുടുംബത്തിന്‌. അയൽവാസി വിശ്വംഭരന്‍റെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തോട് കുടുംബം സഹകരിക്കാത്തതിനും കല്ലറ പരിശോധിക്കുന്നതിലുൾപ്പെടെ ജില്ല ഭരണകൂടത്തിനുണ്ടായ വീഴ്ചക്കുമൊടുവിലാണ് ‘സമാധി’ കോടതി കയറിയത്.