ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന; മാപ്പുപറഞ്ഞില്ലെങ്കിൽ കേസ് നൽകുമെന്ന്

ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന; മാപ്പുപറഞ്ഞില്ലെങ്കിൽ കേസ്

February 17, 2025 0 By Editor

കൊച്ചി: താരസംഘടന ‘അമ്മ’ മുൻ ഭാരവാഹിയും നടനുമായ ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന. തങ്ങൾക്കെതിരെ നടത്തിയ വാർത്താ സമ്മേളനത്തിന് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസ് നൽകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയന്‍ ചേര്‍ത്തല നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ വാർത്താ സമ്മേളനം നടത്തിയത്. അഭിനേതാക്കൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോയിയേഷന്‍റെ നിലപാടെന്നും എന്തും ചെയ്യാമെന്ന ധാരണ നിർമാതാക്കൾക്ക് വേണ്ടെന്നും ജയൻ പറഞ്ഞിരുന്നു.

താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് സുരേഷ് കുമാർ ഉന്നയിച്ച് ആരോപണങ്ങൾക്കും ജയൻ ചേർത്തല മറുപടി നൽകിയിരുന്നു. താരങ്ങളാണ് സിനിമയ്ക്ക് നഷ്ടമുണ്ടാക്കുന്നത് എന്നു പറയുന്നത് സത്യവിരുദ്ധമായ കാര്യമാണ്. സുരേഷ് കുമാറിന്റെ മകൾ നടിയല്ലേ? അവർ കോടികൾ മേടിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപ കുറച്ച് ഒരു അവർ സിനിമ ചെയ്തതായിട്ട് നമ്മുടെ അറിവിൽ ഇല്ലല്ലോ എന്നും ജയൻ ചേർത്തല ചോദിച്ചിരുന്നു.

താരങ്ങളുടെ കച്ചവട മൂല്യങ്ങൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകണം. മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത അഭിനേതാക്കൾ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയത് ‘അമ്മ’ ആണെന്നും ജയൻ ചേർത്തല മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാമാണ് നിർമ്മാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്.