
നിന്റെ ജാതിയിലുള്ളവര്‍ ഈ പണികളാണ് ചെയ്യാറുള്ളത്’; ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജീവനക്കാരനെ ജാതീയമായി അധിക്ഷേപിച്ച് മേലുദ്യോഗസ്ഥർ
February 17, 2025കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (ഐ.ഒ.ബി) ദലിത് വിഭാഗക്കാരനായ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് വെളിപ്പെടുത്തൽ. മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന കൊച്ചി മുളവുകാട് സ്വദേശിയായ ഉദ്യോഗസ്ഥന്റെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.
ബാങ്ക് കഴിഞ്ഞ ഡിസംബറിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. ജാതീയ അധിക്ഷേപം നേരിട്ട ബാങ്ക് ജീവനക്കാരനെതിരെ നടപടിയെടുത്തതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകളിൽ നിന്ന് പ്രതിഷേധം ഉയർന്നതോടെയാണ് കേസെടുത്ത വിവരം പുറത്തുവന്നത്. ഐ.ഒ.ബി എറണാകുളം റീജ്യനൽ ഓഫിസ് ഡി.ജി.എം നിതീഷ് കുമാർ സിൻഹ, എ.ജി.എം കശ്മീർ സിങ് എന്നിവരെ പ്രതിചേർത്താണ് കേസെടുത്തത്.
മേലുദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥനെ ഉപയോഗിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. മേലുദ്യോഗസ്ഥരിൽ നിന്ന് നേരിട്ട പീഡനങ്ങൾ പുറത്തുപറഞ്ഞതിന്റെ പേരിലാണ് ഈ ഉദ്യോഗസ്ഥനെ പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥർ ക്യാബിനിലേക്ക് വിളിപ്പിച്ച് മർദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തത്.
അതിനു പിന്നാലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഒപ്പം 15 വർഷത്തേക്കുള്ള ഇൻഗ്രിമെന്റ് റദ്ദ് ചെയ്യുകയും ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു.
നീ എങ്ങനെയാണ് ഈ ജോലിയിൽ എത്തിയത്, ഞങ്ങളുടെ നാട്ടിൽ നിന്റെ ജാതിയിലുള്ളവർ ഈ പണികളാണ് ചെയ്യാറുള്ളത് എന്ന് പറഞ്ഞ് ചെടി നനപ്പിക്കുകയും ചായ വാങ്ങിപ്പിക്കുകയും ചെയ്തതായി അധിക്ഷേപം നേരിട്ട ഉദ്യോഗസ്ഥന്റെ ഭാര്യ ഒരു സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ബാങ്കിലെ ജോലികൾക്കിടെ മേലുദ്യോഗസ്ഥരുടെ ആവശ്യങ്ങൾ നിഷേധിച്ചപ്പോൾ ഭർത്താവിനെ മർദിച്ചതായും അവർ വെളിപ്പെടുത്തി. സംഭവത്തിനു ശേഷം മുളവുകാട് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ മേലുദ്യോഗസ്ഥർ വീണ്ടും ഭീഷണി മുഴക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
ജീവിതം നശിപ്പിച്ചു കളയുമെന്നായിരുന്നു ഭീഷണി. ജീവനിൽ കൊതിയുള്ളതിനാൽ ആദ്യം നൽകിയ പരാതി പിൻവലിച്ചു. പീഡനങ്ങൾ തുടരുകയും സസ്പെൻഷൻ നേരിട്ടതോടെയുമാണ് വീണ്ടും പരാതി നൽകിയതെന്നും ഉദ്യോഗസ്ഥന്റെ ഭാര്യ വിശദീകരിച്ചു.
പരാതി നൽകിയതിനാണ് വലിയ തെറ്റെന്ന് സസ്പെൻഷൻ ഓർഡർ കൈപ്പറ്റാൻ ചെന്നപ്പോൾ നിതീഷ് കുമാർ സിൻഹ പറഞ്ഞു. വടക്കേ ഇന്ത്യയിലേക്ക് സ്ഥലംമാറ്റുമെന്നും അവിടെ പോയാൽ ഉയർന്ന ജാതിയിലുള്ളവർ താഴ്ന്ന ജാതിയിലുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുമെന്നും അധിക്ഷേപം നേരിട്ട ഉദ്യോഗസ്ഥന്റെ ഭാര്യ കൂട്ടിച്ചേർത്തു. മാത്രമല്ല, കാലിൽ വീണ് മാപ്പുപറഞ്ഞാൽ രക്ഷപ്പെടാമെന്ന് പറന്ന് നിതീഷ് കുമാർ സിൻഹ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിക്കുകയും ചെയ്തതായും ആരോപണമുണ്ട്.