ജിന്നുമ്മയും സംഘവും അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു; ഇതുവഴി കൂടുതല്‍ ഇരകളെ കണ്ടെത്തുക ലക്ഷ്യമെന്ന് പോലീസ്

പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയും സംഘവും അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു; ഇതുവഴി കൂടുതല്‍ ഇരകളെ കണ്ടെത്തുക ലക്ഷ്യമെന്ന് പോലീസ്

February 18, 2025 0 By eveningkerala

കാസര്‍കോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയും സംഘവും, കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങി അതിന്‍റെ മറവില്‍ കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി കെ.ജെ ജോണ്‍സണ്‍  പറഞ്ഞു.

പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി 596 പവന്‍ സ്വര്‍ണ്ണമാണ് ജിന്നുമ്മ എന്ന ഷമീനയും സംഘവും തട്ടിയെടുത്തത്. മന്ത്രവാദത്തിന്‍റെ മറവില്‍ ജിന്നുമ്മ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. മന്ത്രവാദം നടത്തിയവരിൽ ചിലർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അവരെയെല്ലാം കേസിൽ സാക്ഷികളാക്കിയതായി പൊലീസ് പറഞ്ഞു. സ്വർണം നിശ്ചിത ദിവസം മുറിയിൽ അടച്ചുവെച്ച് മന്ത്രവാദം നടത്തിയാൽ ഇരട്ടിയാക്കി കൊടുക്കാമെന്ന് പറഞ്ഞായിരുന്നു ഇവരെയെല്ലാം കബളിപ്പിച്ചത്. എന്നാൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു ജിന്നുമ്മ. ഇതിനായി അക്യുപങ്ചര്‍ പഠിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ഇരകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അധികവും സ്ത്രീകളാണ് ജിന്നുമ്മയുടെ അടുത്ത് എത്തിയിരുന്നത്. ഇവരെ കോസ്മറ്റോളജിയിലേക്ക് ആദ്യം എത്തിക്കുകയും പിന്നീട് കുടുംബ പശ്ചാത്തലം അറിഞ്ഞ ശേഷം മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് പണം തട്ടാനായിരുന്നു പദ്ധതിയെന്ന് ഡിവൈഎസ്‍പി പറഞ്ഞു. ഷമീനയുടെ സ്വര്‍ണ്ണം ഇരട്ടിപ്പിക്കല്‍, മന്ത്രവാദ തട്ടിപ്പിന് നിരവധി പേര്‍ ഇരയായെങ്കിലും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ ഇവരാരും തയ്യാറായിട്ടില്ല.

content highlight : jinnumma-planned-to-start-acupuncture-and-cosmetology-firm-in-kannur-to-deceive-more-people