‘ജനത്തിനു വേണ്ടത് നമ്മളെയാണ്, ആര് പാര വച്ചാലും പോരാടണം’; ഇ.കെ നായനാർ ഭരണത്തുടർച്ചയെ പറ്റി സംസാരിക്കുന്ന എ.ഐ വിഡിയോ പുറത്ത്

‘ജനത്തിനു വേണ്ടത് നമ്മളെയാണ്, ആര് പാര വച്ചാലും പോരാടണം’; എ.ഐയെ വിമർശിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇ.കെ നായനാർ ഭരണത്തുടർച്ചയെ പറ്റി സംസാരിക്കുന്ന എ.ഐ വീഡിയോ പുറത്ത്

February 18, 2025 0 By eveningkerala

തിരുവനന്തപുരം: പാർട്ടി സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ വിഡിയോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എ.ഐ) സഹായത്തോടെ തയാറാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.ഐയെ വിമർശിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഇ.കെ നായനാർ സംസാരിക്കുന്ന രീതിയിൽ വിഡിയോ പുറത്തിറക്കിയത്. ആദ്യം സോഷ്യലിസത്തിലേക്കുള്ള വളർച്ചയാണെന്നു പറഞ്ഞ എം.വി. ഗോവിന്ദൻ, പിന്നീട് ഇത് തൊഴിൽ നഷ്ടത്തിന് കാരണമാകുന്നുവെന്ന വാദവുമായെത്തി.

പാർട്ടി കോൺഗ്രസിനുള്ളകരട് നയരേഖയിൽ എ.ഐ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിനിടെയാണ് പ്രചാരണ വിഡിയോ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്.

‘‘സഖാക്കളെ നൂറു കൊല്ലം കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നല്ലേ അവർ പണ്ട് പറഞ്ഞത്. ഞാൻ മുഖ്യമന്ത്രി ആയില്ലേ. വി.എസ് ആയില്ലേ, നമ്മുടെ പിണറായിയും ആയില്ലേ. പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളെയാണ്. കർഷക തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തതാരാ? കോൺഗ്രസുകാരാ, ബിജെപിക്കാരാ ? നമ്മളാ കൊടുത്തത്. ആര് പാര വച്ചാലും നമ്മൾ പോരാടണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങൾ എല്ലാം നമ്മോടൊപ്പം നിൽക്കും. എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ. ലാൽസലാം സഖാക്കളെ’’ – എന്നാണ് എ.ഐ ഉപയോഗിച്ച് നിർമിച്ച വിഡിയോയിൽ ഇ.കെ. നായനാർ പറയുന്നത്.