
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
February 21, 2025കൊച്ചി : സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് Invest Kerala Global Summit കൊച്ചിയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൌധരി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി. മൂവായിരത്തിലധികം പ്രതിനിധികളാണ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്. സ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇൻവെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ.
വ്യവസായ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്ററായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അറിയിച്ചു. കേരളത്തിലെത്തുന്ന നിക്ഷേപകർക്ക് ചുവപ്പുനാട കുരിക്കിനെ പറ്റി ആശങ്കപ്പെടേണ്ടതില്ല. വ്യവസായങ്ങൾക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. റോഡ്, റെയിൽ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകി. ദേശീയ പാതകൾ മാത്രമല്ല എല്ലാ റോഡുകളുടെയും വികസനം ഉറപ്പാക്കി. പവർകട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഭൂമി കിട്ടാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ല. 100 ൽ 87 കേരളീയർക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇത് ദേശീയ ശരാശരിക്കും മുകളിലാണെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദൈവത്തിന്റെ നാട് വ്യവസായങ്ങളുടെ സ്വർഗമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമായ ഭിന്നതകൾ വ്യവസായത്തിന്റെ കാര്യത്തിൽ മാറ്റിവയ്ക്കും. ജനങ്ങളുടെ അടിസ്ഥാന അവകാശമായി ഇന്റനെറ്റ് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. മികച്ച മനുഷ്യവിഭവ ശേഷി കേരളത്തിന് ഉറപ്പാക്കാൻ കഴിയുമെന്നും വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി.