
ക്ഷേത്രോൽസവത്തിനിടെ എസ്.ഐയെ മർദിച്ചതിന് കസ്റ്റഡിയിലെടുത്ത സി.പി.എമ്മുകാരനെ പോലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ച് പ്രവർത്തകർ
February 21, 2025 0 By eveningkerala
തലശ്ശേരി: എസ്.ഐയെ കോളറിന് പിടിച്ച് വലിച്ച് ആക്രമിച്ച കേസിൽ പിടിയിലായ സി.പി.എം പ്രവർത്തകനെ പൊലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ചു. ഇന്നലെ ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോൽസവത്തിനിടെ പൊലീസിനെ മർദിച്ച കേസിൽ ഒന്നാം പ്രതിയായ ദിപിൻ രവീന്ദ്രനെയാണ് സി.പി.എമ്മുകാർ സംഘം ചേർന്ന് മോചിപ്പിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ ക്ഷേത്ര പരിസരത്തുനിന്ന് എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദിപിനെ കസ്റ്റഡിയിലെടുത്ത്. പിന്നാലെ, ക്ഷേത്രത്തിൻ്റെ ഗേറ്റ് പൂട്ടി പൊലീസിനെ തടഞ്ഞാണ് സി.പി.എം പ്രവർത്തകർ പ്രതിയെ മോചിപ്പിച്ചത്. ഇത് തടയാൻ ശ്രമിച്ച പൊലീസിന് നേരെയും കയ്യേറ്റം നടന്നു. ഈ സംഭവത്തിൽ 53 ലേറെ സി.പി.എം പ്രവർത്തകർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതിനിടെ, ഇന്നലെ പുലർച്ചെ പൊലീസുകാരെ കൈയ്യേറ്റം ചെയ്ത കേസിൽ മറ്റൊരു സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങളം സ്വദേശി ലിനീഷ് ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് 80 ലേറെ സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിൽ തെയ്യം കെട്ടിയാടുന്നതിനിടെ സി.പി.എം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെചൊല്ലിയാണ് വ്യാഴാഴ്ച പുലർച്ചെ സംഘർഷം ഉടലെടുത്തത്. ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളി ചോദ്യംചെയ്യുകയും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷം തടയാൻ എത്തിയ എസ്.ഐ അടക്കമുള്ള പൊലീസുകാർക്ക് നേരെയാണ് ദിപിനും സംഘവും ആക്രമണം അഴിച്ചുവിട്ടത്. സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നാണ് പൊലീസുകാരുടെ പരാതി.
ദിപിന് പുറമേ, സി.പി.എം പ്രവർത്തകരായ ജോഷിത്ത്, ഷിജിൽ, ചാലി വിപിൻ, സിനീഷ് രാജ്, സന്ദേശ് പ്രദീപ്, ഷിബിൻ എന്നിവരും കണ്ടാലറിയാവുന്ന 20 ഓളം പേരും ചേർന്ന് കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് കേസ്. എസ്.ഐ ടി.കെ. അഖിലിൻ്റെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
എസ്.ഐ അഖിലിന്റെ യൂനിഫോം കോളറിൽ ദിപിൻ പിടിച്ചു വലിക്കുകയും ജോഷിത്ത് കഴുത്തിന് പിടിച്ച് അമർത്തുകയും ചെയ്തെന്നാണ് പരാതി. തടയാൻ ശ്രമിച്ച പൊലീസുകാരെ മറ്റുള്ളവർ സംഘം ചേർന്ന് മർദിച്ചതായും പരാതി ഉയർന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇല്ലത്ത് താഴെ മണോളിക്കാവിൽ തമ്പുരാട്ടിയെയും ചോമപ്പൻ തെയ്യത്തെയും കാവിൽ കയറ്റുന്നതിനിടെയാണ് സി.പി.എം പ്രവർത്തകർ മുദ്രവാക്യം മുഴക്കിയത്. ഇത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. രംഗം ശാന്തമാക്കുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനുമായാണ് സ്ഥലത്തുണ്ടായിരുന്ന തലശ്ശേരി എസ്.ഐ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപ്പെട്ടത്. തെയ്യത്തെ കാവിൽ കയറ്റിയതിന് ശേഷവും ഇരുവിഭാഗവും ഏറ്റുമുട്ടി. ഇവരെ പിടിച്ചു മാറ്റുന്നതിനിടയിൽ സി.പി.എം പ്രവർത്തകർ പൊലീസിന് നേരെ ഭീഷണി മുഴക്കുകയും ആക്രമിക്കുകയുമായിരുന്നു.
‘പൊലീസ് കാവിൽ കയറി കളിക്കേണ്ട, കാവിലെ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്, കളിക്കാൻ നിന്നാൽ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല’ എന്നൊക്കെ ആക്രോശിച്ചാണ് സി.പി.എം പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നിരവധി സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഉത്സവസമയത്ത് മുൻ കാലങ്ങളിലും ഇവിടെ സി.പി.എം – ബി.ജെ.പി സംഘർഷം നിലനിന്നിരുന്നു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)