
സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മതർ കുറ്റക്കാരനെന്ന് കോടതി
February 22, 2025പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിലെ പ്രഭാഷണ വേദിയിൽ വധിക്കാൻ ശ്രമിച്ച പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ് ലെബനീസ് പൗരൻ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കൻ പ്രാദേശിക കോടതി ഏപ്രിലിൽ വിധിക്കും.
മുപ്പത് വർഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത. 2022 ഓഗസ്റ്റിലെ ആക്രമണത്തിൽ സൽമാൻ റുഷ്ദിയുടെ കാഴ്ച ഭാഗികമായി നഷ്ടമായിരുന്നു.
15 തവണയാണ് അക്രമി റുഷ്ദിക്ക് മേൽ കത്തി കുത്തിയിറക്കിയത്. സ്റ്റേജിലുണ്ടായിരുന്ന അഭിമുഖക്കാരനായ ഹെൻറി റീസിനും പരിക്കേറ്റിരുന്നു. മരണത്തിൽ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പിന്നീട് റുഷ്ദി ‘നൈഫ്’ എന്ന പുസ്തകത്തിലൂടെ വിവരിച്ചിരുന്നു.
റുഷ്ദിയുടെ വിവാദ നോവൽ ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ച് 35 വർഷങ്ങൾക്ക് ശേഷമായിരുന്നു ആക്രമണം.