
മസ്കിന്റെ മകൻ മൂക്കു തുടച്ചു; 145 വർഷം പഴക്കമുള്ള മേശ മാറ്റി സ്ഥാപിച്ച് ട്രംപ്
February 22, 2025വാഷിങ്ടൻ∙ മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നതു കണ്ടതിനു ദിവസങ്ങൾക്കുശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്.
ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മസ്‌കിന്റെ ഇളയ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിനുശേഷമാണ് മേശ മാറ്റിയതെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ നിരീക്ഷണം. ജെർമോഫോബ് (എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണ് ട്രംപ് എന്നും ഇതിനാലാണു മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.
145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനിച്ചതാണ്. ഓക്ക് തടികൾ കൊണ്ടു നിർമിച്ച ഈ മേശ 1961 മുതൽ ജോൺ എഫ്.കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ചിട്ടുണ്ട്.