
ഭക്ഷണം നല്‍കാന്‍ വൈകി; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
February 22, 2025കൃത്യസമയത്ത് ഭക്ഷണം നൽകാത്തതിന് ചെന്നൈയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്‍റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. പ്രമേഹ ബാധിതനായ വിനായകന്‍റെ വലതുകാല്‍ മുറിച്ചു മാറ്റിയിരുന്നു. ഭാര്യ തന്നെ വേണ്ടവിധം പരിപാലിക്കുന്നില്ലെന്ന തോന്നലില്‍ വിനായകന്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു.
പ്രമേഹത്തിൻ്റെ ഗുളികകൾ കഴിക്കേണ്ടതിനാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്ന് വിനായകം എപ്പോഴും നിർബന്ധം പിടിച്ചിരുന്നു. എന്നാല്‍ ധനലക്ഷ്മിക്ക് അസുഖമായതിനാൽ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. ഇത് വിനായകനില്‍ ദേഷ്യം ഉണ്ടാക്കിയിരുന്നു
ദമ്പതികൾക്ക് ഗണപതിയും മണികണ്ഠന്‍ എന്നിങ്ങനെ അവിവാഹിതരായ രണ്ട് ആൺമക്കളുണ്ട്. കഴിഞ്ഞദിവസം മക്കൾ ജോലിക്ക് പോയ ശേഷം വിനായകം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വിനായകം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ മക്കൾ മരിച്ചുകിടക്കുന്ന അമ്മയെയാണ് കണ്ടത്.
ഉടന്‍ തന്നെ മക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. ചോദ്യം ചെയ്യലില്‍ വിനായകം കുറ്റം സമ്മതിച്ചു. വിനായകത്തിനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. ധനലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗവൺമെന്റ് കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു