
പി.സി.ജോർജ് ആറു മണി വരെ പൊലീസ് കസ്റ്റഡിയിൽ; കസ്റ്റഡി അപേക്ഷയിൽ അപാകതയെന്ന് കോടതി
February 24, 2025കോട്ടയം ∙ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പി.സി. ജോർജിനെ ഇന്നു വൈകിട്ട് ആറു മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ അപാകതയുണ്ടെന്ന് കോടതി പറഞ്ഞു. അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമർപ്പിക്കാനാണ് നിർദേശം. ഇതിനുശേഷമാകും പി.സി.ജോർജിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ്.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പി.സി.ജോർജ്, കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
കോടതി തീരുമാനത്തിനു പിന്നാലെ പി.സി. ജോർജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ആറു മണിക്ക് വീണ്ടും കോടതിയിൽ ഹാജരാക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തിൽ കോടതി തീരുമാനമെടുക്കും. പി.സി. ജോർജിന്റെ കേസ് ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിച്ചപ്പോൾ, ഇദ്ദേഹത്തിനെതിരെ നേരത്തെ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു.