
നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
February 25, 2025പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസാണിതെന്നും കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണമെന്നും ജാമ്യവ്യസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണ സംഘം ചെന്താമരയ്ക്ക് ജാമ്യം നൽകരുതെന്ന് കോടതിയെ അറിയിക്കും.
2019ലാണ് പോത്തുണ്ടി സ്വദേശിയായ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങി പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്‌പയും കൂടോത്രം നടത്തിയത് കൊണ്ടാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറി സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാൾ ഇക്കഴിഞ്ഞ ജനുവരിയ 27ന് സജിതയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്.
റിമാൻ്റിൽ കഴിയുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആദ്യം ഇരട്ടക്കൊല ചെയ്തത് താൻ ആണെന്ന് പ്രതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ‘രക്ഷപ്പെടണമെന്നില്ല. ചെയ്തത് തെറ്റ് തന്നെയാണ്. തനിക്ക് ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നൽകുന്നത്’ എന്നായിരുന്നു കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്ന സമയത്തെ ചെന്താമരയുടെ നിലപാട്.
കുറ്റം സമ്മതിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അറിയാമോയെന്നും വക്കീലുമായി സംസാരിക്കണമോയെന്നും ചോദിച്ച് ജഡ്ജി എസ് ശിവദാസ് ആലോചിക്കാൻ സമയം അനുവദിച്ചു. പത്ത് മിനിറ്റിന് ശേഷം വീണ്ടും കോടതി ചേർന്ന്. തുടർന്ന് കുറ്റം സമ്മതിക്കാൻ തയ്യാറാണോയെന്ന് കോടതി വീണ്ടും ചോദിച്ചപ്പോൾ തയ്യാറല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്.