Venjaramoodu Mass Murder: കാമുകിയുമായുള്ള ബന്ധം അംഗീകരിച്ചില്ല; സ്വർണം പണയം വെക്കാൻ നൽകിയില്ല: അഫാൻ പ്രകോപിതനായതിന് പിന്നിൽ

അഫാൻ പ്രകോപിതനായതിന് പിന്നിൽ ?…. കാമുകിയുമായുള്ള ബന്ധം അംഗീകരിക്കാത്തതോ ; സ്വർണം പണയം വെക്കാൻ നൽകാത്തതോ …വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നിൽ പല കാരണങ്ങളെന്ന് സൂചന

February 25, 2025 0 By eveningkerala

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നിൽ പല കാരണങ്ങളെന്ന് സൂചന. കാമുകിയുമായുള്ള അഫാൻ്റെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതും സ്വർണം പണയം വെക്കാൻ ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതുമൊക്കെ പ്രതിയെ പ്രകോപിപ്പിച്ചു എന്നാണ് വിവരം. ഈ മാസം 24നാണ് പെരുമല സ്വദേശിയായ 23കാരൻ അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി താൻ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചത്. കൊലപാതക പരമ്പരയ്ക്ക് ശേഷം താൻ എലിവിഷം കഴിച്ചെന്ന് പറഞ്ഞതിനെ തുടർന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുക്കന്നൂർ സ്വദേശിയായ ഫർസാനയുമായി (19) അഫാൻ പ്രണയബന്ധത്തിലായിരുന്നു. ഫർസാനയുമായുള്ള പ്രണയബന്ധത്തെപ്പറ്റി വീട്ടുകാരോട് സൂചിപ്പിച്ചിരുന്നെങ്കിലും ഇവരാരും അതിന് സമ്മതിച്ചില്ല. ഫർസാനയെയും വിളിച്ചുകൊണ്ട് മുത്തശ്ശി അടക്കമുള്ളവരുടെ അടുക്കൽ അഫാൻ എത്തിയിരുന്നു. എന്നാൽ, ആരും പിന്തുണച്ചില്ല. ഫർസാനയെയും അഫാൻ കൊലപ്പെടുത്തിയിരുന്നു. മൃതദേഹം മാതാപിതാക്കൾ തിരിച്ചറിഞ്ഞു.

അഫാൻ്റെ കുടുംബത്തിലെന്നപോലെ അഫാനും സാമ്പത്തികപ്രതിസന്ധിയുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പാങ്ങോട് താമസിക്കുന്ന മുത്തശ്ശി സൽമാ ബീവിയോട് അഫാൻ പലതവണ സ്വർണം പണയം വെക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുത്തശ്ശി സ്വർണം നൽകാൻ തയ്യാറായില്ല. തിങ്കളാഴ്ച പാങ്ങോട്ടെ വീട്ടിലെത്തിയ അഫാൻ മുത്തശ്ശിയെ കൊന്ന് സ്വർണം കൈക്കലാക്കുകയും വെഞ്ഞാറമൂട്ടിലെത്തി ഇത് പണയം വെക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് അഫാൻ ബൈക്കിൽ പെട്രോൾ അടിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബന്ധുക്കളുമായി അഫാന് വേറെയും പ്രശ്നങ്ങളുണ്ടായിരുന്നു. പിതൃസഹോദരനായ ലത്തീഫ് തനിക്ക് സ്വത്ത് നൽകാത്തതിൽ അഫാന് അമർഷം ഉണ്ടായിരുന്നു എന്നാണ് വിവരം. നേരത്തെ, മാതാവിനൊപ്പം ജീവനൊടുക്കാൻ അഫാൻ ശ്രമിച്ചിരുന്നു. സാമ്പത്തികബാധ്യത രൂക്ഷമായതോടെയായിരുന്നു ആത്മഹത്യാശ്രമം. വീട് വിറ്റ് കടം വീട്ടാനുള്ള ശ്രമം അഫാൻ നടത്തിയെങ്കിലും അത് വിജയിച്ചില്ല. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി അഫാനും അമ്മയും തമ്മിൽ കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നു.

കാമുകി ഫർസാനയിൽ നിന്ന് പലപ്പോഴായി അഫാൻ പണം കടം വാങ്ങിയിട്ടുണ്ട്. ഇതിൽ കുറേയൊക്കെ തിരികെനൽകി. ഇനിയും പണം നൽകാനുണ്ട്. ഫർസാനയുടെ ആഭരണങ്ങളും അഫാൻ പണയം വച്ചതായും സൂചനകളുണ്ട്. ആശുപത്രിയിലുള്ള അഫാൻ നിലവിൽ മൊഴിനൽകാനുള്ള അവസ്ഥയിലല്ലെന്നാണ് വിവരം. ചികിത്സയോട് ഇയാൾ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

13 വയസുകാരനായ സഹോദരൻ അഹസാൻ, ഉമ്മ ഷമീന, കാമുകി ഫർസാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ആക്രമിച്ചത്. ഇതിൽ അഫാൻ്റെ മാതാവ് ഷമീന ഒഴികെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടു.